Skip to main content

കോർപ്പറേഷനിൽ വിവിധ പദ്ധതികളുടെ വിതരണോദ്ഘാടനവും വിദ്യാർത്ഥികളെ ആദരിക്കലും നടത്തി

തൃശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ 2025-26 വർഷത്തെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, പഠനമുറി, ഈസി കിച്ചൻ നിർമ്മാണ പദ്ധതി എന്നിവയുടെ വിതരണോദ്ഘാടനവും അയ്യൻകാളി സ്കോളർഷിപ്പ് കരസ്ഥമാക്കിയ കോർപ്പറേഷൻ പരിധിയിലെ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. ഒല്ലൂരിലെ തൃശ്ശൂർ നഗരസഭാ മേഖല കാര്യാലയത്തിൽ നടന്ന ചടങ്ങ് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ 2025-26 വർഷത്തെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 4.7 കോടി രൂപ (4,77,85,000) ചെലവഴിച്ച് 110 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, 22 വിദ്യാർത്ഥികൾക്ക് പഠനമുറി, 48 പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഈസികിച്ചൻ എന്നിവയുടെ വിതരണവും അയ്യൻകാളി സ്കോളർഷിപ്പ് നേടിയ 15 വിദ്യാർത്ഥികളെ അനുമോദിക്കലുമാണ് ചടങ്ങിൽ നടന്നത്.

ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന ചന്ദ്രൻ, കരോളിൻ ജോഷ്വാ, പട്ടികജാതി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ അരുൺ തടത്തിൽ, ഡിവിഷൻ കൗൺസിലർ പ്രിൻസി റോജൻ എന്നിവർ സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജേക്കബ് പുലിക്കോട്ടിൽ സ്വാഗതവും കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ വി പ്രബിത നന്ദിയും പറഞ്ഞു.

date