ഒല്ലൂർ ജംഗ്ഷൻ വികസനം: ഭൂമി വിട്ട് നൽകിയവർക്ക് നഷ്ടപരിഹാരതുക കൈമാറി
ഒല്ലൂർ ജംഗ്ഷൻ വികസനത്തിനായി ഭൂമി വിട്ടു നൽകിയവർക്കുള്ള നഷ്ടപരിഹാരതുക വിതരണം ചെയ്തു. പനംകുറ്റിച്ചിറ ഗവൺമെന്റ് യു പി സ്കൂളിൽ നടന്ന ചടങ്ങിൽ നഷ്ടപരിഹാര തുകയുടെ വിതരണം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഒല്ലൂരിലെ കുപ്പിക്കഴുത്ത് പൊട്ടിക്കുകയെന്നത് ദീർഘകാലമായുള്ള ഒരു സ്വപ്നമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമീപ ഭാവിയിൽ 300 ദിവസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്ന, ഭൂമി വിട്ട് നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്ന ആദ്യ ഇടമായി ഒല്ലൂർ മാറിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട് വികസിക്കുമ്പോൾ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സർക്കാർ അത് കേൾക്കുകയും അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കേരളത്തിലെ 20 ജംഗഷ്നുകൾ വികസിപ്പിക്കുന്നതിന് പദ്ധതിയിട്ടതിൽ തൃശൂർ ജില്ലയ്ക്ക് അനുവദിച്ചതാണ് ഒല്ലൂർ ജംഗ്ഷൻ വികസനം. മൂന്ന് ബസ് ബേകൾ, 1400 മീറ്റർ ഡ്രെയിനും ഫുട്ട്പാത്തും, 70 സ്ട്രീറ്റ് ലൈറ്റ്, സിഗ്നൽ സിസ്റ്റം എന്നിവയാണ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി ഒരുങ്ങുന്നത്. നഷ്ട പരിഹാര തുക വിതരണത്തിന്റെ ആദ്യ ഘട്ടമായി ഭൂമിയും വീടും വിട്ടുകൊടുത്ത 13 പേർക്കും, പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട 45 പേർക്കുമാണ് ഇന്ന് രേഖകൾ കൈമാറിയത്.
തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഡോ. കീർത്തന കാർത്തികേയൻ അധ്യക്ഷത വഹിച്ചു. എൽ.എ. ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി സാങ്കേതിക വിവരണം നടത്തി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആർ. മനോജ്, കെ.ആർ.എഫ്.ബി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്‌ണരാജ് എന്നിവർ സന്നിഹിതരായി.
ഒല്ലൂർ ജംഗ്ഷനിൽനിന്നും തൃശൂരിലേക്കും തലോരിലേക്കും ചേർപ്പിലേക്കും നടത്തറയിലേക്കും എടക്കുന്നി ദേവീ ക്ഷേത്രം റോഡിലേക്കുമുള്ള അഞ്ച് പ്രധാന റോഡുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള ജംഗ്ഷൻ വികസനമാണ് നടപ്പിലാകുന്നത്. ജംഗ്ഷൻ
വികസനത്തിനായി 2.12 ഏക്കർ (0.8564 ഹെക്ടർ) ഭൂമി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54,10,18,307 രൂപ ഉടമസ്ഥർക്ക് നൽകിയാണ് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നത്. ഭൂമിയുടെ നഷ്ടപരിഹാരത്തിന് പുറമെ കച്ചവട സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും മറ്റുമായി ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം രൂപയുടെ പുനരധിവാസ പുനസ്ഥാപന പാക്കേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥയും എൽ.എ.(ജനറൽ) സ്പെഷ്യൽ തഹസിൽദാറുമായ ടി. ജി ബിന്ദു നന്ദിയും പറഞ്ഞു.
കോർപ്പറേഷൻ കൗൺസിലർമാരായ ലിംന മനോജ്, സ്മിത അനീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. വി. ബിജു, എൻ. കെ. ബിജു, ഷിജു കീടായി, ജെറിഷ് പെരിഞ്ചേരി, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളായ സുനീഷ് ജോൺസൺ, അജിത് ബാബു തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments