Skip to main content

ചാവക്കാട് പുത്തൻകടപ്പുറത്തെ ജി.ആർ.എഫ്.ടി.എച്ച്.എസ് ഇനി ഹൈടെക്ക് ആകും

 

 

അപ്ഗ്രേഡേഷൻ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു

 

 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകുന്നതിനായി നിർമ്മിച്ച ചാവക്കാട് പുത്തൻകടപ്പുറത്തെ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂൾ ഇനി ഹൈടെക്ക് ആകും. 2.6 കോടി രൂപ വകയിരുത്തി നിർമ്മിക്കുന്ന സ്‌കൂളിന്റെ അപ്ഗ്രേഡേഷൻ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണോദ്ഘാടനം മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ജി.ആർ.എഫ്.ടി.എച്ച്.എസിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

 

നമ്മുടെ തീരദേശത്തെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പിന്നോക്ക അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിലേക്കും മികച്ച തൊഴിലവസരങ്ങളിലേക്കും നയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒമ്പത് തീരദേശ ജില്ലകളിലായി പത്ത് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളുകൾ സർക്കാർ ആരംഭിച്ചുവെന്നും ഇവിടെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി വരികയാണെന്നും മന്ത്രി പറഞ്ഞു.

 

കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിലവിലുളളവയുടെ നവീകരണത്തിനും വേണ്ടി 2.6 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുളള ഹോസ്റ്റൽ കെട്ടിടത്തിന്റെ നവീകരണം, മെസ് ഹാൾ നവീകരണം, ലൈബ്രറി കെട്ടിടത്തിന് ട്രസ്സ് മേൽക്കൂര, ലാബിന്റെ നവീകരണം, ചുറ്റുമതിൽ പുനർ നിർമ്മാണം, വിവിധോപയോഗ കളിസ്ഥല നിർമ്മാണം, ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നതിന് പുതുതായി മൂന്ന് ക്ലാസ് റൂമുകൾ, കൗൺസിലിംഗ് റൂമുകൾ, ടോയ്ലറ്റ് എന്നിവയും ഉപയോഗശൂന്യമായ കെട്ടിടങ്ങൾ നീക്കം ചെയ്യലുമാണ് നവീകരണത്തിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർവ്വഹണ ചുമതല. അടുത്ത അദ്ധ്യയന വർഷം മുതൽ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ അപേക്ഷകളുടെ അഭാവത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കൂടി പഠിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച് അക്ബര്‍, വൈസ്ചെയര്‍പേഴ്സണ്‍ ബിന്‍സി സന്തോഷ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺമാരായ യതീന്ദ്രദാസ്, കെ.എച്ച് സലാം, ലിഷ മത്രംകോട്, കെ.പി രഞ്ജിത്ത് കുമാര്‍ നഗരസഭ കൌണ്‍സിലര്‍ ഷീജ പ്രശാന്ത്, സി.എ ഗോപ പ്രതാപന്‍ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോ. സി സീമ, ഹെഡ്മിസ്ട്രസ്സ് ഷിജ, ജനപ്രതിനിധികള്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date