വ്യവസായ മേഖലയിലെ മാറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ സംരംഭങ്ങളുടെ വരവ് - മന്ത്രി പി രാജീവ്
കേരളത്തിലെ വ്യവസായ മേഖലയിൽ വന്നിട്ടുള്ള വലിയ മാറ്റത്തിന്റെ പ്രതിഫലനമാണ് പുതിയ സംരംഭങ്ങളുടെ വരവെന്ന്
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
ആലുവ ചുണങ്ങംവേലിയിൽ നിർമ്മിച്ച എൻ ഡി ആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കിന്റെ ഒന്നാംഘട്ടമായ എൻ ഡി ആർ സ്പെയ്സ് വെയർഹൗസിംഗ് ഹബ്ബിന്റെ ഉദ്ഘാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സമൂഹവും സർക്കാരും ഒന്നിച്ചാണ് കേരളത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റി'ൽ ഒപ്പുവെച്ച പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് എൻ.ഡി.ആർ ഗ്രൂപ്പിന്റെ സ്പെയ്സ് വെയർഹൗസിംഗ് ഹബ്ബെന്നും മന്ത്രി പറഞ്ഞു.
സമ്മിറ്റിൽ ഒപ്പുവെച്ച താത്പര്യപത്രങ്ങളിൽ 40 ശതമാനത്തോളം പദ്ധതികൾക്കായി ഇതിനോടകം സ്ഥലം അനുവദിച്ചുകഴിഞ്ഞു.ഇതിൽ 55,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പൂർത്തീകരിച്ചതും, അന്തിമഘട്ടത്തിലുള്ളതുമാണ്. സമ്മിറ്റിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കായി സമർപ്പിച്ചിരുന്നു. ദാവോസ് ഉച്ചകോടിയിൽ നിന്ന് ലഭിച്ച 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുപ്പതു വർഷമായി പൂട്ടിക്കിടന്ന പെരുമ്പാവൂരിലെ റെയോൺസിന്റെ 30 ഏക്കർ സ്ഥലത്ത് കെയ്ൻസ് ടെക്നോളജി കമ്പനി പ്രവർത്തനം തുടങ്ങിയത് വലിയ നേട്ടമാണ്. ആദ്യ ദിവസം തന്നെ 100 ലാപ്ടോപ്പുകൾ പുറത്തിറക്കാനും 100 പേർക്ക് ജോലി നൽകാനും സാധിച്ചു. തുടർഘട്ടമായി ആൽഫ, ബീറ്റ, ഗാമ ടവറുകൾ കൂടി പൂർത്തിയാകുന്നതോടെ അയ്യായിരത്തോളം ഉദ്യോഗാർത്ഥികൾക്ക് കൂടി തൊഴിൽ ലഭിക്കും. ഇത്തരം സ്ഥാപനങ്ങൾ എത്തുന്നതോടെ ലോജിസ്റ്റിക്സ് മേഖലയിൽ ഡിമാൻഡ് വർധിക്കുമെന്നും, കെ.എസ്.ഇ.എസ്, അസാപ് എന്നിവ മുഖേന ഈ മേഖലയിൽ സർക്കാർ പ്രത്യേക കോഴ്സുകൾ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അൻവർ സാദത്ത് എം എൽ എ അധ്യക്ഷനായി. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, വാർഡ് കൗൺസിലർ എൽസി ജോസഫ്, എൻ ഡി ആർ എം ഡി അമൃതേഷ് റെഡ്ഡി, സി ഇ ഒ രാജ് ശ്രീനിവാസൻ ,ഏരിയ മാനേജർ തോമസ് ഡി പൊട്ടംകുളം, ബിസിനസ്സ് ഹെഡ് എൻ ശ്രീനിവാസൻ, സോണൽ ഹെഡ് സുന്ദർ രാജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments