Skip to main content

മൂന്നാർ എൻജിനിയറിങ് കോളേജിന്റെ ഭരണ നിർവഹണാധികാരം ഐ.എച്ച്.ആർ.ഡി ക്ക് കൈമാറി 

മൂന്നാർ എൻജിനിയറിങ് കോളേജിന്റെ ഭരണ നിർവ്വഹണാധികാരം പൂർണമായി  ഐ.എച്ച്.ആർ.ഡിക്ക് കൈമാറുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. കൈമാറ്റത്തിലൂടെ അടുത്ത അദ്ധ്യയന വർഷം മുതൽ അതിനൂതനമായ സാങ്കേതിക ശാഖകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകും. ഹൈറേഞ്ച് മേഖലയിലെ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനം മികവിന്റെ കേന്ദ്രമായി മാറ്റുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്.

ഗ്രാന്റ് ഇൻ എയ്ഡ് പദവിയുള്ള ഐ.എച്ച്.ആർ.ഡി. കോളേജ് ഏറ്റെടുക്കുന്നതുമൂലം സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതൽ തുക പദ്ധതി വിഹിതമായി അനുവദിക്കും. മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ അധ്യാപക തസ്തികകൾ അനുവദിച്ച് സ്ഥാപനത്തിന്റെ എൻ.ബി.എ അക്രഡിറ്റേഷൻ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കും. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മികവിന്റെ കേന്ദ്രങ്ങളിലൊന്ന് എൻജിനിറിങ് കോളേജ് ക്യാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി.

സ്ഥാപനവുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് അതിനൂതന സാങ്കേതിക വിദ്യയിൽ പ്രാവിണ്യം നൽകി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുവാനുള്ള കർമപദ്ധതികളും ഐ.എച്ച്.ആർ.ഡി. വിഭാവനം ചെയ്തിട്ടുണ്ട്. നിലവിൽ ഐ.ഐ.ടി മദ്രാസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ഏക അന്തരീക്ഷ സ്വഭാവ വ്യതിയാന പഠന കേന്ദ്രത്തിന്റെ (NABHA) പ്രവർത്തനം കൂടുതൽ വിപുലമാക്കി മേഖലയിലുള്ള ഗവേഷണ വിഭാഗം ശക്തിപ്പെടുത്തുന്നതിലൂടെ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുമായി കൈകോർത്ത് സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടം നടത്തുവാനുള്ള അവസരം സംജാതമാകും.

പി.എൻ.എക്‌സ്. 1153/2026

date