Skip to main content

ആട് വസന്ത നിര്‍മാര്‍ജ്ജന യജ്ഞം രണ്ടാം ഘട്ടം; ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു

രാജ്യത്തുനിന്നും 2030-ഓടെ ആട് വസന്ത (PPR) പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'പി.പി.ആര്‍ ആട് വസന്ത നിര്‍മാര്‍ജ്ജന യജ്ഞം' രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മൃഗസംരക്ഷണ മേഖലയിലെ ഈ നിര്‍ണ്ണായക പദ്ധതിക്ക് തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ 'ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്‍ട്രോള്‍' പ്രോഗ്രാമിന്റെ ഭാഗമായി നാല് വര്‍ഷത്തെ പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. 2006-ല്‍ രാജ്യത്ത് നിന്നും 'കാലിവസന്ത' നിര്‍മാര്‍ജ്ജനം ചെയ്തതുപോലെ, ആടുകളെ ബാധിക്കുന്ന മാരകമായ ഈ പകര്‍ച്ചവ്യാധിയെയും ഉന്മൂലനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മാര്‍ച്ച് 4 മുതല്‍ 16 വരെയാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ ക്യാമ്പയിന്‍ നടക്കുന്നത്.പി.പി.ആര്‍. രോഗബാധ മൂലം ആടുവര്‍ഗ്ഗത്തില്‍പ്പെട്ട മൃഗങ്ങള്‍ക്കുണ്ടാകുന്ന മരണം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് മാത്രമാണ് ഏക പോംവഴി. നാല് മാസവും അതിന് മുകളിലും പ്രായമുള്ള, ഗര്‍ഭാവസ്ഥയിലല്ലാത്ത എല്ലാ ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും വാക്സിന്‍ നല്‍കേണ്ടതാണ്. വാക്സിനേഷന്‍ സ്‌ക്വാഡുകള്‍ കര്‍ഷകരുടെ വീടുകളിലെത്തിയാണ് കുത്തിവെപ്പ് നടത്തുന്നത്. വാക്സിന്‍ നല്‍കുന്ന ആടുകള്‍ക്ക് പര്‍പ്പിള്‍ നിറത്തിലുള്ള ഇയര്‍ ടാഗ് നല്‍കി വിവരങ്ങള്‍ 'ഭാരത് പശുധന്‍' പോര്‍ട്ടലില്‍ രേഖപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്.

date