Skip to main content

കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

*എസ്.എ.ടി. ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്

കുട്ടികളിലെ ഗുരുതര വൃക്കരോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് 'പ്രതീക്ഷ' (PRATIKSHA - Pediatric Renal Assessment, Treatment and Intervention in Kerala State) എന്ന പേരിൽ പുതിയ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കുട്ടികളിലെ വൃക്കരോഗങ്ങൾ നേരത്തെ തിരിച്ചറിയുകയും സമയബന്ധിതമായ ചികിത്സയും ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗുരുതര വൃക്കരോഗത്തിന്റെ തീവ്രത കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ലോക വൃക്ക ദിനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

രോഗം വൈകി തിരിച്ചറിയുന്നതും അതിനാൽ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ പോലുള്ള ഉയർന്ന ചെലവുള്ള ചികിത്സകളിലേക്ക് എത്തേണ്ടി വരുന്നതും ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇത്തരം അവസ്ഥകൾ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യപരവും സാമ്പത്തികവുമായ ജീവിതത്തെ ഗൗരവമായി ബാധിക്കുന്നു.

ഗർഭകാലം മുതൽ തന്നെ സാധ്യതയുള്ള പ്രശ്നങ്ങൾ കണ്ടെത്തി ഇടപെടൽ നടത്തുന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഒബ്സ്ടെട്രീഷ്യൻ, പീഡിയാട്രീഷ്യൻ, പീഡിയാട്രിക് നെഫ്രോളജിസ്റ്റ്, പീഡിയാട്രിക് സർജൻ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഗർഭകാലം, ജനനാനന്തര ഘട്ടം, ചികിത്സാനന്തര പരിചരണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പരിചരണ സംവിധാനം പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.

ഡിസ്ട്രിക്ട് എർലി ഇന്റർവെൻഷൻ സെന്ററുകൾ വഴി അപകട സാധ്യതയുള്ള കുഞ്ഞുങ്ങളെയും കുട്ടികളെയും രജിസ്റ്റർ ചെയ്ത് ആവശ്യമായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി മെഡിക്കൽ കോളേജുകളിലേക്ക് റഫർ ചെയ്യുന്നതാണ് പ്രവർത്തനരീതി. തിരുവനന്തപുരം എസ്.എ.ടി, ആശുപത്രി സംസ്ഥാനതല പീഡിയാട്രിക് നെഫ്രോളജി ഹബ്ബായി പ്രവർത്തിക്കും.

ഗുരുതര വൃക്കരോഗം നേരത്തെ കണ്ടെത്തൽ, രോഗ വ്യാപനം മന്ദഗതിയിലാക്കാനുള്ള ചികിത്സകൾ, ദീർഘകാല ചികിത്സാ പിന്തുണ, കൂടാതെ ആവശ്യമുള്ളവർക്ക് സമഗ്രമായ റീനൽ റീപ്ലേസ്മെന്റ് പ്രോഗ്രാം എന്നിവ ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പോർട്ടൽ വഴി ഈ പദ്ധതി ബന്ധിപ്പിച്ച് കൂടുതൽ കാര്യക്ഷമമായ നിരീക്ഷണവും തുടർപരിചരണവും ഉറപ്പാക്കും.

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ഇടപെടലായിരിക്കും 'പ്രതീക്ഷ' പദ്ധതി. ഗുരുതര വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിലൂടെ കുട്ടികൾക്ക് ആരോഗ്യകരമായ ഭാവി നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രതീക്ഷ.

ലോക വൃക്ക ദിനത്തോടനുബന്ധിച്ച് എസ്.എ.ടി. ആശുപത്രിയിൽ നടന്ന ചടങ്ങിൽ കിഡ്‌നി ട്രാൻസ്പ്ലാന്റ് ടീമിനെ ആദരിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, കെ. സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, പീഡിയാട്രിക് നെഫ്രോളജി വകുപ്പ് മേധാവി ഡോ. സൂസൻ ഉതുപ്പ്, വൈസ് പ്രിൻസിപ്പൽ ഡോ. ഉഷാദേവി കെ.ബി., ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ. രാഹുൽ യു.ആർ., ആർ.എം.ഒ ഡോ. ഷെർമിൻ നെസ്രിൻ, എസ്.എ.ടി. ചീഫ് നഴ്‌സിംഗ് ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1158/2026

date