Skip to main content
പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാനരേഖ വിതരണത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി ഒ.ആര്‍ കേളു ഓണ്‍ലൈനായി നിര്‍വഹിക്കുന്നു

പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാനരേഖ വിതരണത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു

 

പട്ടികവര്‍ഗ വിഭാഗക്കാരുടെ അടിസ്ഥാന രേഖ വിതരണം പൂര്‍ത്തിയാക്കല്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച എ.ബി.സി.ഡി പദ്ധതിയുടെ ജില്ലയിലെ പൂര്‍ത്തീകരണ പ്രഖ്യാപനം പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അധ്യക്ഷനായി. 

അടിസ്ഥാന രേഖകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയില്‍ വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിലൂടെ പതിനായിരത്തിലധികം പേര്‍ക്കാണ് അടിസ്ഥാന രേഖകളായ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവ ഉറപ്പാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീഡ്് ബാങ്ക്, റവന്യൂ വകുപ്പ്, പേരാമ്പ്ര, കോടഞ്ചേരി ഡിവിഷനുകളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പ്രമോട്ടര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് രേഖ വിതരണം പൂര്‍ത്തിയാക്കിയത്. 

പ്രഖ്യാപന ചടങ്ങില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ആര്‍ സിന്ധു, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം, ഡെപ്യൂട്ടി സിവില്‍ സപ്ലൈസ് ഓഫീസര്‍ ആര്‍ ബോബന്‍, ലീഡ് ബാങ്ക് ഓഫീസര്‍ ജ്യോതിസ്, ജില്ലാ അക്ഷയ കോഓഡിനേറ്റര്‍ അജിഷ, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ഷമീര്‍, സലീഷ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എ നിജീഷ് എന്നിവര്‍ പങ്കെടുത്തു. 

പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കിയ ഊരുമൂപ്പന്മാര്‍, പ്രമോട്ടര്‍മാര്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് എന്നിവര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ എസ്.ടി ട്രൈബല്‍ ഹോസ്റ്റലുകളിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സംയോജിത പദ്ധതിക്കും ചടങ്ങില്‍ തുടക്കമായി. പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.

date