Skip to main content

തൃശ്ശൂര്‍ ജില്ല ലൈഫ് പദ്ധതി നിറവിലേക്ക്; സമ്പൂര്‍ണ്ണ പാര്‍പ്പിട പ്രഖ്യാപനം നടത്തി

തൃശ്ശൂര്‍ ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പ്രഖ്യാപനവും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള അനുമോദനവും റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ തൃശ്ശൂര്‍ ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പ്രഖ്യാപനവും ലൈഫ് പദ്ധതിയുടെ കാര്യക്ഷമായ നിര്‍വ്വഹണം നടത്തിയ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്‍ - പരിസ്ഥിതി പുനസ്ഥാപനത്തിന്റെ പത്തു വര്‍ഷങ്ങള്‍ 'ഹരിത ദര്‍ശനം' പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി കെ. രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

മുഴുവന്‍ ഭവനരഹിതര്‍ക്കും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ മികവോടെ പ്രവര്‍ത്തിച്ച് പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മ്മാണത്തിന് അവസരം ഒരുക്കിയ ആദ്യ ജില്ലയായി തൃശ്ശൂരിനെ മാറ്റിയതില്‍ ജില്ലാ ലൈഫ് മിഷന്‍ ടീമിനെ മന്ത്രി കെ. രാജന്‍ പ്രത്യേകം അഭിനന്ദിച്ചു. ലോകത്തിനു മാതൃകയായ ഏറ്റവും ബൃഹത്തായ ഭവന പദ്ധതിയാണ് കേരളം നടപ്പാകിയ ലൈഫ് പദ്ധതിയെന്നും അതിന്റെ നിര്‍വ്വഹണത്തില്‍ സ്തുത്യര്‍ഹമായ നേട്ടം കൈവരിക്കാന്‍ തൃശ്ശൂര്‍ ജില്ലയ്ക്കു കഴിഞ്ഞത് ഏറെ അഭിമാനകരമാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഭൂരഹിത ഭവനരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനുളള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് മുന്‍ഗണന നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് നിര്‍മ്മാണത്തിന് ആനുകൂല്യം നല്‍കാന്‍ ജില്ലയിലെ മുഴുവന്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറായി കഴിഞ്ഞതിന്റെ പ്രഖ്യാപനമാണ് നടത്തിയത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ 37,426 വീട്ടുകള്‍ പൂര്‍ത്തീകരിച്ചു. 7,890 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരികയാണ്.

തൃശ്ശൂര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് നന്ദിയും പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി. ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഐ സജിത, പി.എസ് വിനയന്‍, കെ.ആര്‍ മായ, അഡ്വ. ഷോണ്‍, ഷീല, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ശ്യാമ ലക്ഷ്മി, പ്ലാനിങ്ങ് ഓഫീസര്‍ എ.ഡി ജോസഫ്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date