കുട്ടികളുടെ ആഗ്രഹം പൂവണിഞ്ഞു; പുത്തൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന് പുതിയ ക്യാമറ
പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഒരു പുതിയ ക്യാമറ വേണമെന്ന വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമായി. ജി.വി.എച്ച്.എസ്.എസ്. പുത്തൂരിൽ നടന്ന ചടങ്ങിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ.കെ. രാജൻ, സ്കൂൾ പ്രധാന അധ്യാപിക പി എം സുനിത ലിറ്റിൽ കൈറ്റ്സ് പ്രതിനിധികളായ കെ. ടി ആദിദേവ്, എയ്സൽ ഡി തോട്ടാൻ, ആരോൺ തിമോത്തി എന്നിവർക്ക് പുതിയ ക്യാമറ കൈമാറി.
ഒരുപാട് സ്കൂളുകളിൽ വിദ്യാർത്ഥികൾ അവിടെ നടക്കുന്ന ചടങ്ങുകളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ആത്മാർത്ഥയോടെ പ്രത്യേക ഡ്രസ് കോഡിൽ വന്ന് വിദ്യാലയത്തിലെ എല്ലാ ചടങ്ങുകളുടെയും സ്റ്റിലുകളും വീഡിയോകളും എടുക്കുന്നത് കണ്ടത് പുത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സർക്കാർ വിദ്യാലയത്തിൽ 21 കോടി രൂപ വികസന പ്രവർത്തനത്തിന് ലഭ്യമാക്കുന്നത് ഒരുപക്ഷെ പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുൻപ് ഒരു പരിപാടിക്ക് സ്കൂളിലെത്തിയ മന്ത്രിയോട് "ഞങ്ങൾക്കൊരു പുതിയ ക്യാമറ വാങ്ങിത്തരുമോ?" എന്ന് കുട്ടികൾ ചോദിച്ചിരുന്നു."റെഡി"എന്നായിരുന്നു മന്ത്രിയുടെ അന്നത്തെ മറുപടി. കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു കൊടുക്കണമെന്ന മന്ത്രിയുടെ താൽപര്യ പ്രകാരമാണ് ക്യാമറ ലഭ്യമാക്കിയത്.ജോസ്കോ ജ്വല്ലറി ഗ്രൂപ്പാണ് ക്യാമറ സ്പോൺസർ ചെയ്തത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് സുധീർ കുണ്ടായി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി. എം സുനിത സ്വാഗതവും ലിറ്റിൽ കൈറ്റ്സിനു വേണ്ടി വിദ്യാർത്ഥി പ്രതിനിധി കെ. ബി നിരഞ്ജന, വിദ്യാലയത്തിനു വേണ്ടി സ്റ്റാഫ് പ്രതിനിധി പി. എസ് ബിന്ദു എന്നിവർ നന്ദിയും പറഞ്ഞു.
ജനപ്രതിനിധികൾ, ജോസ്കോ ജ്വല്ലറി ഗ്രൂപ്പ് പ്രതിനിധി സിജോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി.ടി.എ പ്രതിനിധികൾ, രക്ഷകർത്താക്കൾ, അധ്യാപകർ, ലിറ്റിൽ കൈറ്റ്സ്, എസ് പി സി, എസ് എസ് എസ് എസ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments