Skip to main content

സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു 

വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കപ്പെട്ട കാലഘട്ടമാണിതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന  സ്ട്രീം ഹബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തിന് ആവശ്യമായ സാങ്കേതികവിദ്യ  വികസിപ്പിക്കുകയും സമൂഹം വ്യത്യസ്ത മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്നതിനായാണ്
വിദ്യാർത്ഥികൾ പുതിയ ആശയങ്ങൾ ആവിഷ്കരിക്കുന്നത്. യങ് ഇന്നവേറ്റേഴ്സ് പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾക്ക് പിന്തുണയും ധന സഹായവും  സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒട്ടേറെ പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ വിദ്യാർത്ഥികൾക്ക് ആയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സമഗ്ര ശിക്ഷാ കേരളം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ സഹകരണത്തോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്ട്രീം ഇക്കോ സിസ്റ്റം.
കുട്ടികളിൽ ഗവേഷണ തൽപരതയും ഇന്നവേഷൻ മനോഭാവവും ജീവിത നൈപുണികളും  വളർത്തിയെടുക്കുക എന്നതാണ് സ്ട്രീമിന്റെ ലക്ഷ്യം. കുട്ടികൾക്ക് ഗവേഷണാത്മകമായി പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് സ്ട്രീം ഹബ് പ്രയോജനപ്പെടുത്താം.  ജില്ലയിൽ ഒട്ടാകെ 18 സ്ട്രീം ഹബ്ബുകളും 120 ഐ ലാബുകളും ഉണ്ട്.

ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. തൃശ്ശൂർ എസ്.എസ്.കെ  
ഡി. പി.ഒ  കെ.ബി ബ്രിജി പദ്ധതി വിശദീകരിച്ചു. കുസാറ്റ് സി -സിസ് ഡയറക്ടർ ഡോ. പി ഷൈജു മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ഗവൺമെന്റ് ബോൾസ് സ്കൂൾ പ്രിൻസിപ്പാൾ എം.കെ മുരളി, ഇരിങ്ങാലക്കുട ബി. ആർ.സി ബി.പി. സി കെ. ആർ സത്യപാലൻ, പിടിഎ പ്രസിഡന്റ് ഭക്തവത്സലൻ, പ്രധാന അധ്യാപിക ടി. കെ ലത തുടങ്ങിയവർ പങ്കെടുത്തു.

date