Skip to main content

കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി. ശിവൻകുട്ടി

 കരിയർ ഗൈഡൻസ് രംഗത്ത് ചിലയിടങ്ങളിൽ നടക്കുന്ന ചൂഷണങ്ങൾ ഒഴിവാക്കിഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യവും ശാസ്ത്രീയവുമായ മാർഗനിർദേശങ്ങൾ നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കരമനയിൽ ആരംഭിച്ച കരിയർ ഡെവലപ്മെന്റ് സെന്ററിന്റെയും സി.ഡി.സി.എം.എസ് സോഫ്റ്റ്വെയറിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളം ഉയർന്ന സാക്ഷരതയുള്ള സംസ്ഥാനമായിട്ടുണ്ടെങ്കിലുംശരിയായ കരിയർ ഗൈഡൻസ് എവിടെ ലഭിക്കും എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പരമ്പരാഗത തൊഴിലവസരങ്ങൾ പരിമിതമായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പുതിയ തൊഴിൽ മേഖലകളെക്കുറിച്ചും ആവശ്യമായ നൈപുണ്യങ്ങളെക്കുറിച്ചും യുവാക്കൾക്ക് ശരിയായ സമയത്ത് അവബോധം നൽകേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യത്തോടെയാണ് 2016-17 മുതൽ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ കീഴിൽ കരിയർ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മൂന്നാമത്തെ കരിയർ ഡെവലപ്മെന്റ് സെന്ററാണ് കരമനയിൽ ആരംഭിക്കുന്നത്.

കരിയർ ഡെവലപ്മെന്റ് സെന്ററിന് സമീപമുള്ള കെട്ടിടം സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററായി അനുവദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങിയതായി മന്ത്രി അറിയിച്ചു. ഇത് സംസ്ഥാനത്തെ പ്രധാന സ്‌കിൽ ഹബ്ബായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്കായി ഇതേ കെട്ടിടത്തിൽ ജർമ്മൻ വെൽക്കം സെന്ററും ആരംഭിക്കും. നിലവിലെ കെട്ടിടത്തിന് പകരമായി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ നാല് കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എട്ട് കരിയർ ഡെവലപ്മെന്റ് സെന്ററുകളിലായി ഇതുവരെ 71,909 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യക്തിഗത മാർഗനിർദേശങ്ങളും സെമിനാറുകളും വഴി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനം ലഭിച്ചു. എസ്.സിഎസ്.ടിവനിതകൾഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക കരിയർ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നു. പി.എസ്.സിഎസ്.എസ്.സിബാങ്കിംഗ് പരീക്ഷകൾക്കായി 8,600-ൽ അധികം പേർക്ക് പരിശീലനം നൽകാനും ഈ സെന്ററുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തിന്റെ അവസരങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കാൻ ഈ കേന്ദ്രം ഏവർക്കും സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ വികസന പദ്ധതികൾക്കും തുടക്കമിട്ടു. കരമന ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1.30 കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണംഎം.എൽ.എ ഫണ്ടും കായിക വകുപ്പ് ഫണ്ടും വിനിയോഗിച്ചുളള ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്‌കോൾ കേരള ആരംഭിക്കുന്ന ഡിപ്ലോമ ഇൻ തിയേറ്റർ ആർട്‌സ് പാഠ്യപദ്ധതി നിരീക്ഷ ഡയറക്ടർ സുധി ദേവയാനിക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. വാർഡ് കൗൺസിലർ കരമന അജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംപ്ലോയ്‌മെന്റ് ഡയറക്ടർ സുൾഫിയാൻ അഹമ്മദ് സ്വാഗതം ആശംസിച്ചു. സ്‌കോൾ കേരള ഡയറക്ടർ ഡോ. ജനേഷ് കുമാർഡയറക്ടർമാരായ ഡി.ആർ. ഹാന്റഅഞ്ജന എം.എസ് എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 1168/2026

date