Skip to main content

ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ നൽകുന്നത് വലിയ പിന്തുണ - മന്ത്രി പി രാജീവ്

കേരളത്തിന്റെ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിലെ ഗ്രഫീൻ ഇന്നോവേഷൻ സെന്റർ സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കളമശ്ശേരിയിലെ ഇന്നൊവേഷൻ സെന്റർ വഴി പുതുതലമുറയുടെ ആശയങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുനൽകുന്നതിനുള്ള മികച്ച സാഹചര്യമാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ പ്രധാന പദ്ധതിയായ 'ഗ്രാഫീൻ അറോറ' കളമശ്ശേരിയിൽ സജ്ജമാവുകയാണ്. ഭാവിയിലെ പദാർത്ഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാഫീൻ മേഖലയിൽ സ്റ്റാൻഫോർഡ് സർവകലാശാല ഉൾപ്പെടെയുള്ള വിദേശ സർവകലാശാലകളും കേരള ഡിജിറ്റൽ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

ക്ലീൻ റൂം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തിയായി വരുന്ന കേന്ദ്രം ഗ്രാഫീൻ അധിഷ്ഠിത സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന നൽകും. ഇതിനായി ഗ്രാഫീൻ പോളിസിക്ക് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ഗ്രാഫീൻ സാങ്കേതികവിദ്യ കേരളത്തിന്റെ ജീവിതസാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും, യുവാക്കളുടെ സംരംഭകത്വ സ്വപ്നങ്ങൾക്ക് ഈ ഇന്നൊവേഷൻ സെന്റർ വലിയ കരുത്തുപകരുമെന്നും മന്ത്രി വ്യക്തമാക്കി.

date