Skip to main content

ഏറ്റവും വലിയ ജനകീയ മെഡിക്കൽ കാമ്പയിനുകളിൽ ഒന്നായി ഒപ്പം മെഡിക്കൽ ക്യാമ്പ് മാറി - മന്ത്രി പി. രാജീവ്

കണ്ണടയും  ശ്രവണ സഹായിയും സൗജന്യമായി വിതരണം ചെയ്തു 

 ഏറ്റവും വലിയ ജനകീയ മെഡിക്കൽ കാമ്പയിനുകളിൽ ഒന്നായി ഒപ്പം മെഡിക്കൽ ക്യാമ്പ് മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.  കളമശ്ശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സൗജന്യ കണ്ണടയും, ശ്രവണ സഹായിയും വിതരണം  ചെയ്യിക്കുകയായിരുന്നു അദ്ദേഹം.

ഒപ്പം മെഡിക്കൽ ക്യാമ്പിലൂടെ 33,700 പേർ രജിസ്റ്റർ ചെയ്യുകയും സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി. അഞ്ച് ക്യാമ്പുകളിലായി ആകെ 2764 പേർക്കാണ് കണ്ണടകൾ വിതരണം ചെയ്തത്. ക്യാമ്പിന്റെ തുടർച്ചയായി നടന്ന ചടങ്ങിൽ ആദ്യഘട്ടമെന്ന നിലയിൽ 518 പേർക്ക് നേരിട്ട് കണ്ണടകൾ കൈമാറിയെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പിന്റെ ഭാഗമായി ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്.  2664 പേർക്ക് ഇതിനകം ശസ്ത്രക്രിയ പൂർത്തിയാക്കിയെന്നും 418 പേരുടെ ശസ്ത്രക്രിയകൾ  നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു 51 പേർക്ക് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ സൗജന്യമായി നടത്തി.
ക്യാമ്പിന്റെ ഭാഗമായി ശാരീരിക വൈകല്യമുള്ള കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പ്ലാസ്റ്റിക് സർജറി നടത്തി. മറ്റ് വിഭാഗങ്ങളിലായി 22 സ്പെഷ്യാലിറ്റി ശസ്ത്രക്രിയകൾ പൂർത്തിയാക്കി. എംആർഐ സ്കാനിംഗ്, എക്സറേ തുടങ്ങിയ പരിശോധനകളും പൂർത്തിയായിട്ടുണ്ട്. പല്ലിന്റെ തുടർപരിശോധനകൾ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും ക്യാൻസർ റിസർച്ച് സെന്ററും പൂർണ്ണമായി പ്രവർത്തനസജ്ജമായി. കൂടാതെ, ഏലൂർ, കളമശ്ശേരി നഗരസഭകളിലായി അഞ്ച് വെൽനസ് സെന്ററുകളും ഹോമിയോ ഡിസ്പെൻസറികളും ആരംഭിച്ചു. എറണാകുളം ജില്ലയിലെ ആദ്യത്തെ യുനാനി ക്ലിനിക്ക് കടുങ്ങല്ലൂർ പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കളമശേരി നഗരസഭാ അധ്യക്ഷൻ ജമാൽ മണക്കാടൻ, ഏലൂർ നഗരസഭാ ചെയർപേഴ്സൻ ലൈജി സജീവൻ, കനിവ് പാലിയേറ്റീവ് കൺവീനർ മുജീബ് റഹ്മാൻ, ഏ ആർ രഞ്ജിത്ത്,ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date