Skip to main content

ഭവനരഹിതരില്ലാത്ത കേരളം ലക്ഷ്യം; ഹൗസിംഗ് ബോർഡിന്റെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

മറൈൻ എക്കോസിറ്റിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചു

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് പോലുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബോർഡിന്റെ പ്രധാന പദ്ധതിയായ മറൈൻ എക്കോസിറ്റിയുടെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അര നൂറ്റാണ്ടുകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹൗസിംഗ് ബോർഡ്, മാറുന്ന കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഭവന പദ്ധതികൾ ഏറ്റെടുക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഇക്കോ സിറ്റി പദ്ധതി. പരിസ്ഥിതിക്ക് കോട്ടം ഏൽപ്പിക്കാതെ തികച്ചും പ്രകൃതിയുടെ അനുഭൂതിയും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ച് നടപ്പിലാക്കുന്ന പദ്ധതി കൊച്ചിയുടെ ചരിത്രത്തിലെ തിളക്കമാർന്ന അദ്ധ്യായമായിരിക്കും. വ്യവസായം, ഐ.ടി., ഷിപ്പിംഗ്, വിനോദസഞ്ചാരം, വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം എന്നിവയ്ക്കായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന കൊച്ചിയിൽ ഇത്തരം ലോകോത്തര നിലവാരത്തിലുള്ള മെറൈൻ എക്കോസിറ്റി അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയിലെ പ്രധാന ഭാഗമായ മറൈൻ ഡ്രൈവിൽ 17.9 ഏക്കറിലാണ് 3394 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഒരുങ്ങുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതിയുടെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 3.16 ഏക്കറിൽ 28 നിലകളുള്ള 9.22 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന കെട്ടിടസമുച്ചയമാണ് ഒരുങ്ങുന്നത്. ഇതിൽ കൊമേർഷ്യലും റെസിഡൻഷ്യലുമായ ഘടകങ്ങൾ ഉണ്ട്.  ആകെ 152 ഫ്ലാറ്റുകൾ ഉൾപ്പെടുന്നു. രണ്ടാംഘട്ടത്തിൽ 2.6 ഏക്കറിൽ 8 നിലകളുള്ള 2.25 ലക്ഷ്യം ചതുരശ്ര അടിവിസ്തീർണ്ണം ഉള്ള ഹോട്ടലും കൺവെൻഷൻ സെന്ററും നിർമ്മിക്കും. മൂന്നാം ഘട്ടത്തിൽ 12.14 ഏക്കറിൽ 30 നിലകളിൽ 6 റെസിഡൻഷ്യൽ ടവറുകളാണ് ഒരുങ്ങുന്നത്. ഇതിലൂടെ 952 ഫ്ലാറ്റുകൾ കൂടി ലഭ്യമാകും.

കേരള ഹൗസിംഗ് ബോർഡിന്റെ വരുമാനം വർദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ വരുമാനത്തിലൂടെ സംസ്ഥാനത്തുടനീളം കൂടുതൽ ഭവന പദ്ധതികൾ ഏറ്റെടുക്കാൻ ബോർഡിന് സാധിക്കും.

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷത്തോളം പേർക്ക് വീട് നൽകാൻ ഇതിനോടകം സർക്കാരിന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസ്സായ പാർപ്പിടം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ നയം. ഈ ലക്ഷ്യം പൂർണ്ണതയിലെത്തിക്കാൻ ഹൗസിംഗ് ബോർഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഇടപെടൽ അനിവാര്യമാണ്. നഗര വികസനത്തിനൊപ്പം സാധാരണക്കാരുടെ ഭവന സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. 

ബോൾഗാട്ടി കെ ടി ഡി സി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ  റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനായി. രാജ്യസഭാംഗം പി പി സുനീർ, ടി ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ ജി പ്രിയങ്ക, ഹൗസിംഗ് കമ്മീഷണർ ആൻഡ് കെ എസ് എച്ച് ബി സെക്രട്ടറി എ ഗീത, കെ എസ് എച്ച് ബി ചെയർപേഴ്സൺ ടിവി ബാലൻ, ബോർഡ് മെമ്പർ സുഭാഷ് പുഞ്ചക്കൊട്ടിൽ, ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date