Skip to main content

കൊച്ചിയുടെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുന്ന മറൈൻ ഇക്കോ സിറ്റി ഭവന നിർമ്മാണ ബോർഡിന്റെ ചരിത്രപരമായ ചുവടുവെപ്പ്:  മന്ത്രി കെ. രാജൻ

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മറൈൻ ഇക്കോ സിറ്റി പദ്ധതി കൊച്ചി നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. ഭവന നിർമ്മാണ ബോർഡ് രൂപീകൃതമായതിന്റെ 50-ാം വാർഷിക വേളയിൽ നടപ്പിലാക്കുന്ന ഈ മെഗാ പ്രോജക്റ്റ്, കേരളത്തിന്റെ ഭവന നിർമ്മാണ ചരിത്രത്തിലെ പുതിയൊരു അധ്യായമാകും.  പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങിൽ  അധ്യക്ഷനായി  സംസാരിക്കുകയായിരുന്നു മന്ത്രി. 

മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെയും മന്ത്രി എം.എൻ. ഗോവിന്ദൻ നായരുടെയും നേതൃത്വത്തിൽ നടന്ന ലക്ഷം വീട് പദ്ധതി ലോക ഭവന നിർമ്മാണ ചരിത്രത്തിലെ ഇതിഹാസപരമായ അധ്യായമായിരുന്നു. ആ പാരമ്പര്യം മുറുകെ പിടിച്ചുകൊണ്ട്, ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സഫലീകരിക്കാനുള്ള ഭവന നിർമ്മാണ ബോർഡിന്റെ പ്രയാണത്തിൽ 'മറൈൻ ഇക്കോ സിറ്റി' ഒരു പ്രധാന ചാലകശക്തിയായി മാറുമെന്നും മന്ത്രി പറഞ്ഞു.

മറൈൻ ഡ്രൈവിലെ ബോർഡിന്റെ സ്വന്തം ഭൂമിയിലുള്ള 17.9 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയിലൂടെ 4640 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024 ജനുവരി 24-ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിക്കായി നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി (എൻ ബി സി സി ) ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ലാതെ എൻ ബി സി സിയുടെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 28 നിലകളിലായി 152 ഫ്ലാറ്റുകളും ഓഫീസ് സംവിധാനങ്ങളുമാണ് നിർമ്മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ എട്ട് നിലകളിലായി ഹോട്ടലും കൺവെൻഷൻ സെന്ററും സജ്ജമാക്കും. മൂന്നാം ഘട്ടത്തിൽ 30 നിലകളിലായി ആറ് റെസിഡൻഷ്യൽ ടവറുകൾ നിർമ്മിക്കും. ഇതിലൂടെ 952 ഫ്ലാറ്റുകൾ കൂടി ലഭ്യമാകും. കൊമേഴ്‌സ്യൽ, റെസിഡൻഷ്യൽ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള അത്യാധുനിക നിർമ്മാണ രീതിയാണ് ഇവിടെ അവലംബിക്കുന്നത്.

കെട്ടിട സമുച്ചയങ്ങൾക്കൊപ്പം പരിസ്ഥിതിക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഓക്സിജൻ പാർക്ക് ആണ് പദ്ധതിയുടെ പ്രധാന ആകർഷണം. നഗരത്തിരക്കിനിടയിൽ ശുദ്ധവായുവും ഹരിതാഭയും ഉറപ്പാക്കുന്ന രീതിയിൽ പൊതുജനങ്ങൾക്കും പ്രയോജനപ്പെടുന്ന ഒരു പൊതു ഇടമായി ഇത് മാറും. പ്രദേശത്തെ കണ്ടൽക്കാടുകൾക്കും ജലസമ്പത്തിനും ദോഷം വരാത്ത വിധത്തിൽ പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ നിർമ്മാണമാണ് ഭവന നിർമ്മാണ ബോർഡ് ഉറപ്പുനൽകുന്നതെന്നും മന്ത്രി പറഞ്ഞു.

date