15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്സ്മെന്റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കും
2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട് പ്രകാരം സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമായ രീതിയിൽ നടപ്പിലാക്കുന്നതിനായി 15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്കായുള്ള അസസ്സ്മെന്റ് നടപടികൾക്ക് പരിഷ്‌കരിച്ച ചെക്ക് ലിസ്റ്റ് നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചു. ചെറിയ ആശുപത്രികളെ പ്രത്യേകം സംരക്ഷിക്കണമെന്ന കാഴ്ചപ്പാടോടെയാണ് ഈ തീരുമാനമെടുത്തത്. ഇതോടെ ചെറിയ ആശുപത്രികൾക്ക് ബുദ്ധിമുട്ടില്ലാതെ അസസ്മെന്റ് നടപടികൾ പൂർത്തിയാക്കാനാകും.
ചെറിയ ആശുപത്രികളും ക്ലിനിക്കുകളും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടെ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികളും, കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽസ് ആന്റ് ക്ലിനിക്സ് അസോസിയേഷൻ പ്രതിനിധികളും നടത്തിയ ചർച്ചയിൽ കേരള ഹൈക്കോടതിയുടെ ബന്ധപ്പെട്ട ഉത്തരവ് കൂടി പരിഗണിച്ചു കൊണ്ടാണ് ഇപ്രകാരമൊരു തീരുമാനമെടുത്തത്. ചെറുകിട ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ, രോഗി സുരക്ഷ, ശുചിത്വം, ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, അടിസ്ഥാന ചികിത്സാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രധാന മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ ലഘൂകരിച്ച പരിശോധനാ ചെക്ക് ലിസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്.
ഈ സംവിധാനം വഴി 15 കിടക്കകൾ വരെയുള്ള ചെറുകിട ആശുപത്രികൾക്ക് അസസ്സ്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായ രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. ഇതിലൂടെ ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ നിയമപരമായി രജിസ്റ്റർ ചെയ്യപ്പെടുകയും പൊതുജനങ്ങൾക്ക് നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് സഹായകരമാകുകയും ചെയ്യും.
ചെക്ക് ലിസ്റ്റ് അനുസരിച്ച് അസസ്സ്മെന്റ് നടപടികൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികൾക്ക് നൽകിയിട്ടുണ്ട്. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് ആക്ട്, 2018 പ്രകാരമുള്ള രജിസ്ട്രേഷൻ പ്രക്രിയ കൂടുതൽ സുഗമവും സൗഹൃദപരവുമായ രീതിയിൽ നടപ്പിലാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പി.എൻ.എക്‌സ്. 1183/2026
- Log in to post comments