പരീക്ഷാഭവനിൽ ഏകോപിത പരീക്ഷാ സംവിധാനം: സോഫ്റ്റ്‌വെയർ നവീകരണവും പുതിയ ബ്ലോക്കും മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
ചിതറിക്കിടന്നിരുന്ന പരീക്ഷാ സംവിധാനങ്ങളെ പരീക്ഷാഭവനിലേക്ക് ഏകോപിപ്പിച്ചതോടെ പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമതയും ഏകോപനവും വർധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൂജപ്പുരയിലെ പരീക്ഷാഭവനിൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിന്റെയും പരീക്ഷാഭവൻ സോഫ്റ്റ്‌വെയർ നവീകരണ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ നിന്ന് വേഗത്തിൽ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായകരമാകും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതികളെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷാ വിഭാഗങ്ങളെ ഒരുകുടക്കീഴിൽ കൊണ്ടുവരിക എന്നത് സർക്കാരിന്റെ പ്രധാന തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ശാന്തിനഗറിലെ ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗങ്ങളെ പരീക്ഷാഭവനിലേക്ക് മാറ്റി സ്ഥാപിച്ചു.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രം കേരളം, ലക്ഷദ്വീപ്, മാഹി, ഗൾഫ് മേഖലകൾ ഉൾപ്പെടെ 1984 പരീക്ഷാ കേന്ദ്രങ്ങളും ഏകദേശം 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഉൾപ്പെടുന്നു. വർഷത്തിൽ ഏഴോളം പൊതുപരീക്ഷകളാണ് ഈ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നത്.
നിലവിൽ പരീക്ഷാഭവനിൽ ഉപയോഗിക്കുന്ന ഇരുപതോളം സോഫ്റ്റ്‌വെയറുകൾ നവീകരിക്കേണ്ട സാഹചര്യമുണ്ടെന്നും പരീക്ഷാഫല പ്രഖ്യാപനത്തിലും സർട്ടിഫിക്കറ്റ് വിതരണത്തിലും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഈ സംവിധാനങ്ങൾ പുതുക്കുന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിന് 1 കോടി 63 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റ് (C-DIT) ആണ് സോഫ്റ്റ്‌വെയർ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ കൈമാറ്റവും ചടങ്ങിൽ നടന്നു.
പുതിയ സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ നിലവിൽ വരുന്നതോടെ പരീക്ഷാ നടപടികൾ കൂടുതൽ സുതാര്യവും കുറ്റമറ്റതുമായതാകും. ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഫലപ്രഖ്യാപനം വേഗത്തിലാക്കാനും ഇതിലൂടെ സാധിക്കും.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പരീക്ഷാഭവന്റെ പ്രവർത്തനം കൂടുതൽ സ്മാർട്ടാകുന്നതോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സർക്കാർ നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ്, പരീക്ഷ ഭവൻ സെക്രട്ടറി സന്തോഷ് കുമാർ എസ്, അഡീഷണൽ ഡയറക്ടർ സന്തോഷ് സി എ, ജോയിന്റ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ, ജോയിന്റ് ഡയറക്ടർ എക്‌സാമിനേഷൻസ് ഡോ. കെ മാണിക്യ രാജ് എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 1185/2026
- Log in to post comments