Skip to main content

കായംകുളം കായലിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്; വെട്ടത്തുകടവിൽ പതിനാലായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2025-26 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൊതുജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആറാട്ടുപുഴ മത്സ്യഭവൻ പരിധിയിലെ  കായംകുളം വെട്ടത്തുകടവിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഏകദേശം 1.40 ലക്ഷം രൂപ വിലവരുന്ന പതിനാലായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് കായംകുളം കായലിൽ നിക്ഷേപിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി. പ്രശാന്തൻ, ബ്ലോക്ക് മെമ്പർ അഖിൽ കൃഷ്ണൻ, വാർഡ് മെമ്പർ അജിത, ആറാട്ടുപുഴ മത്സ്യഭവൻ ഓഫീസർ എസ്. കൃഷ്ണ ,കായംകുളം വെട്ടത്തുകടവ് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് വിനോദ്, മത്സ്യതൊഴിലാളികള്‍, ഫിഷറീസ് വകുപ്പ്  ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം നാടൻ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പത്തുലക്ഷം രൂപ വകയിരുത്തി വർഷംതോറും ജില്ലാ പഞ്ചായത്ത് ഈ പരിപാടി നടത്തിവരുന്നു.

date