ഒറ്റപ്പെടലുകൾക്ക് വിട; മുതിർന്ന പൗരന്മാർക്കായി കഞ്ഞിക്കുഴിയിൽ 'അൻപിടം' ടോക്കിങ്ങ് പാർലറുകൾ ഒരുങ്ങുന്നു
വാർദ്ധക്യകാലത്തെ ഏകാന്തതയകറ്റി മുതിർന്ന പൗരന്മാർക്ക് ആശ്വാസവും സന്തോഷവും പകരാൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആവിഷ്കരിച്ച 'അൻപിടം' സീനിയേഴ്സ് ടോക്കിങ്ങ് പാർലറിന് തുടക്കമായി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഈ നവീന കൂട്ടായ്മയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാറും പാലിയേറ്റീവ് ജില്ലാ നോഡൽ ഓഫീസർ ഡോ. എസ്. അനീഷും ചേർന്ന് നിർവഹിച്ചു.
അറുപതു വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനും ഓരോ വാർഡിലെയും അങ്കണവാടികൾ കേന്ദ്രീകരിച്ചാണ് ടോക്കിങ്ങ് പാർലറുകൾ സജ്ജമാക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഈ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
വീടുകളിലെ ഒറ്റപ്പെടലുകളിൽ നിന്നും മാറി സമപ്രായക്കാരുമായി സമയം ചെലവഴിക്കാനുള്ള വേദിയായി അൻപിടം മാറും. വെറും സംസാരത്തിനപ്പുറം പുതിയ കാലത്തെ വിവരസാങ്കേതിക വിദ്യകൾ പരിചയപ്പെടാനും വിനോദ-വിജ്ഞാന ഉപാധികൾ ഉപയോഗിക്കാനുമുള്ള സൗകര്യം പഞ്ചായത്ത് ഇവിടെ ഒരുക്കും. പാർലറിൽ എത്തുന്നവർക്ക് ചായയും ലഘുഭക്ഷണവും നൽകുന്നതിനൊപ്പം മുതിർന്നവരുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുന്ന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
മൂന്നാം വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിതാ തിലകൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രോഗ്രാം ഓഫീസർ എൽ. മായ , വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അശ്വിൻ , ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. വിജിമോൾ, ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷൻ ജി. മുരളി, പഞ്ചായത്തംഗങ്ങളായ പി. മുരളി, എം.കെ. സജി, ഹണിമോൾ, സജിതാ ബൈജു, പി.ടി. ശശിധരൻ ഐ.സി.ഡി.എസ്. സൂപ്പർവൈസർ അനിലാ ശശിധരൻ , കോ ഓർഡിനേറ്റർ അരുണിമ, അയൽക്കൂട്ടം ഭാരവാഹികളായ വി.കെ. രാധാകൃഷ്ണൻ, എസ്. സതീഷ് കുമാർ, കുടുംബശ്രീ എ.ഡി.എസ്. ഭാരവാഹികളായ അജന, ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments