രജിസ്ട്രേഡ് വാഹന പൊളിക്കൽ കേന്ദ്രം : ശിലാസ്ഥാപനം നിർവഹിച്ചു
രജിസ്ട്രേഡ് വാഹന പൊളിക്കൽ കേന്ദ്രത്തിന് (രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി -ആർ.വി.എസ്.എഫ്) ചേർത്തലയിൽ തുടക്കമാകുന്നു. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്), മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആർ.വി.എസ്.എഫ് സൗത്ത് സോൺ പദ്ധതിയുടെ ശിലാസ്ഥാപനം ചേർത്തല സിൽക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ നിർവഹിച്ചു.
കേന്ദ്ര സർക്കാരിന്റെ നാഷണൽ വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി പ്രകാരം കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ (ഇഎൽവി) ശാസ്ത്രീയമായും പരിസ്ഥിതി സൗഹൃദമായും പൊളിച്ചുനീക്കുകയാണ് പദ്ധതി വഴി ചെയ്യുന്നത്. പഴയ വാഹനങ്ങൾ അശാസ്ത്രീയമായി പൊളിക്കുന്നത് വഴിയുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കാൻ പദ്ധതി സഹായിക്കും.
വാഹനങ്ങൾ പൊളിക്കുമ്പോൾ ലഭിക്കുന്ന സ്റ്റീൽ, അലുമിനിയം, കോപ്പർ തുടങ്ങിയ വസ്തുക്കൾ റീസൈക്ലിംഗ് വഴി വീണ്ടും ഉത്പാദന മേഖലയിലേക്ക് എത്തിക്കാൻ സാധിക്കും. ഇത് പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സ്ക്രാപ്പ് പ്രോസസിംഗ്, ലോജിസ്റ്റിക്സ് തുടങ്ങിയ അനുബന്ധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വലിയ വികസനത്തിനും വഴിയൊരുക്കും.
ചടങ്ങിൽ സിൽക്ക് എംഡി ഡോ. എസ് ബിജു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സരള, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം അനീജി മനോജ്, ഗ്രാമ പഞ്ചായത്തംഗം അപ്പുക്കുട്ടൻ നായർ, എസ്.എഫ്.യു യൂണിറ്റ് മേധാവിയും ആർ.വി.എസ്.എഫ് സൗത്ത് സോൺ മേധാവിയുമായ എം എ ഷാൽബിൻ, ഓഫീസർ-എച്ച്ആർഡി സിൽക്ക് എസ്.എഫ്.യു ലക്ഷ്മി വി.കെ പിള്ള, മറ്റ് ജനപ്രതിനിധികൾ, തൊഴിലാളി യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments