Skip to main content
എരവത്ത്കുന്ന് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

എരവത്ത്കുന്ന് ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

 

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ എരവത്ത്കുന്ന് ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അധ്യക്ഷനായി. കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയശ്രീ എന്നിവര്‍ മുഖ്യാതിഥികളായി.

വിനോദസഞ്ചാര വകുപ്പ് അനുവദിച്ച നാല് കോടി രൂപ വിനിയോഗിച്ചാണ് പ്രവൃത്തി നടത്തുക. നഗരമേഖലയിലെ വിനോദകേന്ദ്രമായി എരവത്ത്കുന്ന് പാര്‍ക്കിനെ മാറ്റാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഓപണ്‍ സ്റ്റേജ്, കഫറ്റീരിയ, ടോയ്‌ലറ്റ് ബ്ലോക്ക്, റെയിന്‍ ഷെല്‍ട്ടര്‍ എന്നിവയുടെ നവീകരണം, ജിം ഉപകരണങ്ങള്‍, കുട്ടികളുടെ കളി ഉപകരണങ്ങള്‍ എന്നിവ സ്ഥാപിക്കല്‍, ലാന്‍ഡ്‌സ്‌കേപ്പിങ് പ്രവൃത്തികള്‍, ബൗണ്ടറി വാള്‍-ഫെന്‍സിങ് പ്രവൃത്തി, പ്രവേശന കവാടം നവീകരണം, ഇരിപ്പിടം സ്ഥാപിക്കല്‍, നടപ്പാത നിര്‍മാണം, മൂവബിള്‍ ഫോട്ടോ ഫ്രെയിം സ്ഥാപിക്കല്‍, സോളാര്‍ ലൈറ്റിങ് സംവിധാനം, വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കല്‍, സ്റ്റീല്‍ ബ്രിഡ്ജ് നിര്‍മാണം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചടങ്ങില്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ സുജാത കൂടത്തിങ്കല്‍, കവിത അരുണ്‍, കെ രാജീവ്, സാറാ ജാഫര്‍, വി കെ മനോജ്, കൗണ്‍സിലര്‍ എസ് എം തുഷാര, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, വി.കെ കൃഷ്ണമേനോന്‍ സ്മൃതി വനം സെക്രട്ടറി എം കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

date