അട്ടപ്പാടിയില്‍ നീതി ആയോഗ് സംഘം സന്ദര്‍ശിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ 'സമ്പൂര്‍ണ്ണതാ അഭിയാന്‍ 2.0' പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നീതി ആയോഗ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ (ABP) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി നേരിട്ടറിയാനാണ് നീതി ആയോഗ് പ്രതിനിധികളായ മാനസ് തപ്ലിയാല്‍, കെ.എസ് അപര്‍ണ്ണ എന്നിവര്‍ എത്തിയത്. 2026 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ പൂര്‍ത്തിയാക്കേണ്ട വിവിധ വികസന സൂചികകള്‍ സംഘം പരിശോധിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, അഗളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, വിവിധ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സംഘം നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ഐ.സി.ഡി.എസ് (ICDS) മുഖേന നടപ്പിലാക്കുന്ന പദ്ധതികളിലും കൈവരിച്ച പുരോഗതികളും പരിശോധിച്ചു.
ഫീല്‍ഡ് സന്ദര്‍ശനത്തിന് ശേഷം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും യോഗം ചേര്‍ന്നു. പ്രധാന വികസന ലക്ഷ്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കുന്നതിനായുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
- Log in to post comments