കോഴിവളർത്തലിൽ സെമിനാറും സഹായവിതരണവും സംഘടിപ്പിച്ചു
മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ കോഴി വളർത്തലുമായി ബന്ധപ്പെട്ട് നടന്നുവരുന്ന എ.ഐ.സി.ആർ.പി 2025-26 എസ്.സി.എസ്.പി (പട്ടികജാതി ഉപപദ്ധതി) പദ്ധതിയുടെ ഭാഗമായി കോഴിവളർത്തലിൽ സെമിനാറും സഹായവിതരണവും സംഘടിപ്പിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മണലൂർ ഗ്രാമപഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ്, തൃശ്ശൂരിലെ കർമ്മപഥ് വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ വെറ്ററിനറി സർവകലാശാല സംഘടിപ്പിച്ച ചടങ്ങിൽ തെരഞ്ഞെടുത്ത 30 പട്ടികജാതി ഗുണഭോക്താക്കൾക്ക് ഒരു മാസം പ്രായമുള്ള പത്ത് നാടൻ കോഴികൾ, മരക്കൂട്, പത്ത് കിലോ തീറ്റ, ടാർപോളിൻ ഷീറ്റ്, എലിക്കെണി, പരിശീലന കിറ്റ് എന്നിവ വിതരണം ചെയ്തു. ‘വീട്ടുമുറ്റത്തെ കോഴി: ഇറച്ചിക്കും മുട്ടയ്ക്കും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡീന ആന്റണി ഉദ്ഘാടനം ചെയ്തു. സി.എ.എസ്.പി.എസ്. മുൻ ഡയറക്ടർ ഡോ. പി.എ പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷീബ സന്തോഷ്, വിലാസിനി വേണുഗോപാൽ, വി.വി സജീന്ദ്ര, അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. ഹരികൃഷ്ണനും അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്റ്റെല്ല സിറിയക്കും ക്ലാസുകൾ നയിച്ചു. സീനിയർ സയന്റിസ്റ്റ് ഡോ. ബീന സി ജോസഫ് സ്വാഗതവും മണലൂർ വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജൻ ഡോ. അഞ്ജു അന്ന ജെയിംസ് നന്ദിയും പറഞ്ഞു.
- Log in to post comments