Skip to main content

 ഔഷധി @ 85: വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു

 

 

പൊതുമേഖലാസ്ഥാപനമായ ഔഷധി (ദി ഫാർമസ്യൂ ട്ടിക്കൽ കോർപറേഷൻ (ഐ.എം.) കേരള ലിമിറ്റഡ്)യുടെ എൺപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും വികസനപദ്ധതികളുടെയും ഉദ്ഘാടനം റവന്യു ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവ്വഹിച്ചു. കേരളത്തിന്റെ തനതായ ആയുർവേദ പാരമ്പര്യം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ സമാനതകളില്ലാത്ത പങ്ക് വഹിക്കുന്നൊരു സ്ഥാപനമാണ് ഔഷധിയെന്ന് മന്ത്രി പറഞ്ഞു. കേരള സർക്കാറിന്റെ കീഴിലെ പൊതുമേഖലയിലെ ഏറ്റവും വലിയ ആയുർവേദ മരുന്ന് നിർമാണ ശാഖയെന്ന ഖ്യാതി ഔഷധിക്ക് മാത്രം സ്വന്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചൂരൽ മല മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ ഔഷധിയുടെ മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പങ്കിനെ കുറിച്ചും മന്ത്രി സംസാരിച്ചു. പുത്തൂരിലെ സുവോളജിക്കൽ പാർക്ക് കേന്ദ്രീകരിച്ച് അതിന് ചുറ്റുമുള്ള ഒല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഒരു ടൂറിസ്റ്റ് സർക്യൂട്ട് ഒരുക്കുമ്പോൾ ഔഷധിയുടെ പുതിയ നഴ്സറിയെയും മ്യൂസിയത്തെയും അതിൽ ഉൾപ്പെടുത്തണമെന്നതാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. 

 

കുട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ്ജ് അധ്യക്ഷത വഹിച്ചു. 

 

പുതിയ പ്രധാന പ്രവേശന കവാടം, കാമ്പസിനുള്ളിലെ നവീകരിച്ച റോഡുകൾ, നൂതനരീതിയിൽ കണ്ണ്, ചെവി തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ നിർമിക്കുന്ന പുതിയ പ്ലാൻ്റിന്റെ പ്രവർത്തനം, ഔഷധി പുതിയതായി വിപണിയിലേക്കെത്തിക്കുന്ന ഔഷധങ്ങളുടെ സമർപ്പണം, പുതുതായി നിർമിച്ച ചിമ്മിനി തുടങ്ങിയവയുടെ ഉദ്ഘാടനവും സോളാർപ്ലാന്റ്, ആയുർവേദ മ്യൂസിയം എന്നീ പദ്ധതികളുടെ ശിലാസ്ഥാപനവും നടന്നു. 

 

ഔഷധി മാനേജിംഗ് ഡയറക്ടർ ഡോ. ടി.കെ ഹൃദിക് സ്വാഗതവും ഔഷധി ഫിനാൻഷ്യൽ കൺട്രോളർ ലതാകുമാരി നന്ദിയും പറഞ്ഞു. 

 

കോർപ്പറേഷൻ കൗൺസിലർ ഹരീഷ് മോഹൻ , ഔഷധി ബോർഡ് അംഗങ്ങളായ കുര്യാക്കോസ് പ്ലാപറമ്പിൽ, കെ.എഫ്. ഡേവിസ്, കമ്പനി സെക്രട്ടറി വിനീത തുടങ്ങിയവർ സംസാരിച്ചു. ഔഷധി ഡയറക്ടർ ബോർഡ് അംഗങ്ങൾ, മാനേജർമാർ, ജീവനക്കാർ, നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date