Skip to main content

എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നേത്ര ശസ്ത്രക്രിയാ സംവിധാനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിൽ അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള 'തകാഗി (Takagi) OM-9 XZ' ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് മെഷീൻ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് കുറഞ്ഞ ചെലവിൽ അതീവ കൃത്യതയോടെ ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകമാകും. 

 അത്യാധുനിക ഒപ്റ്റിക്കൽ സാങ്കേതികവിദ്യയും എൽ.ഇ.ഡി (LED) ഇല്യൂമിനേഷൻ സംവിധാനങ്ങളും ഒത്തുചേരുന്ന ഈ മെഷീൻ, തിമിര ശസ്ത്രക്രിയകൾ, ഫാക്കോഇമൽസിഫിക്കേഷൻ, ഗ്ലോക്കോമ, റെറ്റിന ശസ്ത്രക്രിയകൾ, ഗ്ലോബ് റിപ്പയർ തുടങ്ങിയ മാഗ്നിഫൈഡ് വ്യൂ ആവശ്യമുള്ള എല്ലാ ഇൻട്രാ, എക്സ്‌ട്രാ ഒക്കുലാർ ശസ്ത്രക്രിയകൾക്കും ഉപയോഗിക്കാൻ സാധിക്കും. ​ശസ്ത്രക്രിയകളിലെ സുരക്ഷയും കൃത്യതയും വർദ്ധിപ്പിക്കുന്നതിലൂടെ രോഗികൾക്ക് മികച്ച ചികിത്സാ ഫലം ഉറപ്പാക്കാൻ ഈ സംവിധാനം സഹായിക്കും.

 പുതിയ മെഷീൻ സജ്ജമായതോടെ ആശുപത്രിയിൽ പ്രതിവർഷം 1,000-ത്തിലധികം തിമിര ശസ്ത്രക്രിയകൾ അധികമായി നടത്താനുള്ള ശേഷി വർദ്ധിക്കുകയും അന്ധത നിവാരണ പ്രവർത്തനങ്ങൾക്ക് ഗണ്യമായ സംഭാവന നൽകാൻ സാധിക്കുകയും ചെയ്യും. ഭാരത സർക്കാരിന്റെ ദേശീയ അന്ധത നിവാരണ പദ്ധതിക്ക് (NPCBVI) പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി കൊച്ചിൻ റോട്ടറി ക്ലബ്ബാണ് 20  ലക്ഷം രൂപ വിലയുള്ള മെഷീൻ ആശുപത്രിക്ക് കൈമാറിയത്.

date