പ്രീസർട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് നിരീക്ഷിക്കാനും എംസിഎംസി
രജിസ്റ്റർ ചെയ്ത ദേശീയ, രാഷ്ട്രീയ സംസ്ഥാന പാർട്ടികൾ, രജിസ്റ്റർ ചെയ്യാത്ത പാർട്ടികൾ, സ്ഥാനാർഥികൾ, വ്യക്തികൾ എന്നിവ ടെലിവിഷൻ ചാനലുകളിലോ കേബിൾ നെറ്റ് വർക്കുകളിലോ സിനിമാ ഹാളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നൽകുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് മുൻകൂറായി അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) മുമ്പാകെയാണ് അപേക്ഷ നൽകേണ്ടത്.
രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ അനുമതി നൽകൽ (പ്രീസർട്ടിഫിക്കേഷൻ), പെയ്ഡ് ന്യൂസിന്റെ പരിശോധനകൾ, നടപടികൾ, വ്യാജവാർത്തകൾ, വിദ്വേഷ വാർത്തകൾ തുടങ്ങിയ മാധ്യമങ്ങളുടെ നിയമലംഘനങ്ങളുടെ പരിശോധനകൾ എന്നിവയാണ് എംസിഎംസിയുടെ കടമയും ഉത്തരവാദിത്തവും. 2004ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ ചട്ടക്കൂടിന് രൂപം നൽകിയത്.
ജില്ലാതല എംസിഎംസിയുടെ ചുമതലകൾ
രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ: ഇലക്ട്രോണിക് മീഡിയയിൽ പ്രക്ഷേപണത്തിനുള്ള രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ അനുമതി (പ്രീ സർട്ടിഫിക്കേഷൻ) നൽകുക. മാധ്യമങ്ങളിലെ പെയ്ഡ് ന്യൂസുകളും ഇതുമായി ബന്ധപ്പെട്ട പരാതികളും പരിശോധിക്കുക. ജില്ലാതല എംസിഎംസി കമ്മിറ്റിയാണ് രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീ സർട്ടിഫിക്കേഷൻ നൽകുക.
മറ്റ് ചുമതലകൾ:
ഇലക്ട്രോണിക് മീഡിയയിലെ രാഷ്ട്രീയ പരസ്യങ്ങൾ നിരീക്ഷിച്ച് സമിതിയുടെ സർട്ടിഫിക്കേഷനോടെ മാത്രമാണ് ഇവ പ്രക്ഷേപണം ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുക. തിരഞ്ഞെടുപ്പ് ചെലവ് പരിശോധനകളുമായി ബന്ധപ്പെട്ട് മറ്റ് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾ നിരീക്ഷിക്കുക. സ്ഥാനാർഥി/സ്ഥാനാർഥിക്ക് വേണ്ടി മറ്റുള്ളവർ/താരപ്രചാരകർ എന്നിവർ നടത്തുന്ന പബ്ലിസിറ്റി, പരസ്യം, അഭ്യർഥന എന്നിവയും ഇതിൽ ഉൾപ്പെടും.
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾ സ്ഥാനാർഥിയുടെ അറിവോ സമ്മതത്തോടെയോ ആണോ പ്രസിദ്ധീകരിച്ചത് എന്ന് നിരീക്ഷിക്കണം. അങ്ങിനെയെങ്കിൽ അത് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടും. സ്ഥാനാർഥി അധികാരപ്പെടുത്താതെയാണ് പരസ്യമെങ്കിൽ പ്രസാധകർക്കെതിരെ ഐപിസി 171 എച്ച് ലംഘനത്തിന് നടപടി സ്വീകരിക്കേണ്ടതാണ്.
തിരഞ്ഞെടുപ്പ് ലഘുലേഖകൾ, പോസ്റ്റർ, കൈപുസ്തകം, മറ്റ് രേഖകൾ എന്നിവയിൽ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും 1951ലെ ആർപി ആക്ട് 127 എ സെക്ഷൻ പ്രകാരമുള്ള മറ്റ് രേഖകളും ഉണ്ടോ എന്ന് പരിശോധിക്കുക.
ഓരോ സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പ് പരസ്യത്തിന്റെ ചെലവ് സംബന്ധിച്ച് അക്കൗണ്ടിംഗ് ടീമിന് പ്രതിദിന റിപ്പോർട്ട് സമർപ്പിക്കുക. അതിന്റെ പകർപ്പ് റിട്ടേണിംഗ് ഓഫീസർക്കും ചെലവ് നിരീക്ഷകനും നൽകണം.
പ്രീ സർട്ടിഫിക്കേഷൻ ആർക്കാണ് ബാധകം
രാഷ്ട്രീയ പരസ്യങ്ങൾ ടെലിവിഷൻ, കേബിൾ നെറ്റ് വർക്ക്/കേബിൾ ചാനലുകൾ, സ്വകാര്യ എഫ് എം ചാനലുകൾ ഉൾപ്പെടെ റേഡിയോ എന്നിവയിൽ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളിൽ വർഷം മുഴുവൻ പ്രദർശിപ്പിക്കാനും പൊതുസ്ഥലങ്ങളിൽ ഓഡിയോ വിഷ്വൽ ഡിസ്‌പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളിൽ നൽകാനും ബൾക്ക് എസ്എംഎസ്/വോയ്‌സ് മെസേജ് നൽകാനും സാമൂഹിക മാധ്യമങ്ങൾ, ഇൻർനെറ്റ് വെബ്‌സൈറ്റുകൾ എന്നിവയിൽ നൽകാനും എംസിഎംസിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇത് കൂടാതെ അച്ചടി മാധ്യമങ്ങളിൽ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നൽകുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും മുൻകൂർ അനുമതി നിർബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ/ഏതെങ്കിലും ഗ്രൂപ്പുകൾ/സംഘടന/അസോസിയേഷൻ/സ്ഥാനാർഥി/വ്യക്തികൾ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.
സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിർദേശങ്ങൾ, കമ്മീഷന്റെ ഉത്തരവുകൾ എന്നിവ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്‌സ് (റെഗുലേഷൻ) ആക്ട് 1995, കേബിൾ ടെലിവിഷൻ നെറ്റ്വർക്ക് റൂൾസ് 1994 എന്നിവയിലെ മാർഗനിർദേശങ്ങൾ ഇതു സംബന്ധിച്ച് സുപ്രീംകോടതി പരാമർശിച്ചിട്ടുണ്ട്.
രാഷ്ട്രീയ പരസ്യങ്ങളുടെ സർട്ടിഫിക്കേഷന് അപേക്ഷിക്കേണ്ട വിധം
ഇലക്ട്രോണിക് മീഡിയയിൽ രാഷ്ട്രീയ പരസ്യം നൽകാൻ മുൻകൂർ അനുമതിക്കുള്ള അപേക്ഷയോടൊപ്പം നിർദിഷ്ട പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകർപ്പുകൾ സമർപ്പിക്കണം. പരസ്യത്തിന്റെ സാക്ഷ്യപ്പെടുത്തിയ ഉള്ളടക്കം (ട്രാൻസ്‌ക്രിപ്റ്റ്) ഉൾപ്പെടുത്തണം.
പരസ്യത്തിന്റെ ഏതെങ്കിലും ഭാഗം നീക്കം ചെയ്യാനോ മാറ്റം വരുത്താനോ നിർദേശം നൽകാൻ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. പരിശോധനയ്ക്ക് ശേഷം കമ്മിറ്റിയുടെ നിർദേശം ലഭിച്ച് 24 മണിക്കൂറിനകം നിർദിഷ്ട മാറ്റങ്ങൾ വരുത്തേണ്ടതാണ്. മാറ്റങ്ങൾ വരുത്തിയ പരസ്യം വീണ്ടും പരിശോധനയ്ക്കും അനുമതിക്കുമായി സമർപ്പിക്കണം. സമിതി വീണ്ടും പരിശോധിച്ച്, പരസ്യം മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ബോധ്യപ്പെട്ടാൽ പ്രക്ഷേപണ യോഗ്യമാണെന്ന സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. അനുമതി നൽകിയ പരസ്യത്തിന്റെ ട്രാൻസ്‌ക്രിപ്റ്റിന്റെ ആധികാരിക പകർപ്പ് അപേക്ഷകന് നൽകണം.
അനുമതി നൽകിയ പരസ്യത്തിന്റെ ട്രാൻസ്‌ക്രിപ്റ്റും ഇലക്ട്രോണിക് പകർപ്പുകളും കമ്മറ്റിയുടെ കൈവശം സൂക്ഷിക്കേണ്ടതാണ്.
സമയപരിധി
രജിസ്റ്റർ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥിയോ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ മൂന്ന് ദിവസം മുമ്പ് പ്രീ സർട്ടിഫിക്കേഷന് അപേക്ഷിക്കണം.
രജിസ്റ്റർ ചെയ്യാത്ത രാഷ്ട്രീയ പാർട്ടിയോ ഏതെങ്കിലും വ്യക്തിയോ ആണെങ്കിൽ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ ഏഴ് ദിവസം മുമ്പ് പ്രീ സർട്ടിഫിക്കേഷന് അപേക്ഷിക്കണം.
പ്രീ സർട്ടിഫിക്കേഷൻ അപേക്ഷ ലഭിച്ചാൽ എം സി എംസി പരമാവധി ലഭിക്കുന്ന ദിവസം തന്നെ തീർപ്പാക്കാൻ ശ്രമിക്കണം. ഇല്ലെങ്കിൽ രണ്ടുദിവസത്തിനകം തീരുമാനം അറിയിക്കണം.
അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ സർട്ടിഫിക്കേഷൻ
ഒരു തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേദിവസവും സംസ്ഥാന/ജില്ലാ എം സി എം സികളുടെ മുൻകൂർ അനുമതിയില്ലാതെ (പ്രീ സർട്ടിക്കേഷൻ) പ്രസിദ്ധീകരിക്കരുത്.
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കാൻ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് എം സി എം സിയിൽ അപേക്ഷ നൽകണം.
മാധ്യമങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ
ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നിരോധിച്ചിരിക്കുന്നു.
അതിനാൽ മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ ഒഴിവാക്കണം.
ഏതെങ്കിലും സ്ഥാനാർഥിയുടെ വ്യക്തിപരമായ സ്വഭാവം, പെരുമാറ്റം, സ്ഥാനാർഥിത്വം എന്നിവ സംബന്ധിച്ചോ സ്ഥാനാർഥിത്വം പിൻവലിച്ചതിനെ പറ്റിയോ, തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയുടെ വിജയ സാധ്യതയെപറ്റിയുള്ള മുൻവിധികളെ സംബന്ധിച്ച് വിമർശനാത്മകമായതോ തെറ്റായതോ ആയ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പത്രങ്ങൾ വിട്ടുനിൽക്കണം. സ്ഥാനാർഥിക്കോ പാർട്ടിക്കോ എതിരായ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്.
കേബിൾ ഓപ്പറേറ്റർക്ക് സുപ്രീംകോടതി നിർദേശങ്ങൾ
ജാതി, മതം, വർഗം, ഭാഷ ഭിന്നത ഉളവാക്കുന്ന പരസ്യങ്ങൾ കേബിൾ ഓപ്പറേറ്റർമാർ ഒഴിവാക്കണം.
ധാർമികത, മാന്യത, മതവികാരം എന്നിവ വ്രണപ്പെടുത്തുന്ന പരസ്യങ്ങൾ പാടില്ല.
ദേശീയത, ജാതി, വർണം, മതം എന്നിവയെ പരിഹസിക്കൽ, കുറ്റകൃത്യങ്ങൾ, ക്രമക്കേട്, നിയമലംഘനം എന്നിവയ്ക്ക് ആളുകളെ പ്രേരിപ്പിക്കൽ, അക്രമം, അശ്ലീലം എന്നിവയെ മഹത്വവൽക്കരിക്കൽ എന്നിവ സംബന്ധിച്ച ഒരു പരസ്യവും അനുവദിക്കരുത്.
സുപ്രീംകോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ പാർട്ടി, സ്ഥാനാർഥികൾ എന്നിവർ ഒഴികെയുള്ളവരുടെ പരസ്യങ്ങൾ നിരോധിക്കുന്നില്ല. എങ്കിലും ഇത്തരക്കാർക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ നേട്ടത്തിനായി പരസ്യങ്ങൾ നൽകാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
രാഷ്ട്രീയപാർട്ടിക്കോ സ്ഥാനാർഥിക്കോ എതിരായ പരസ്യങ്ങൾ അനുവദിക്കാനാകില്ലെന്നും ഇതിൽ സൂചിപ്പിക്കുന്നു
പെയ്ഡ് ന്യൂസ്
പണത്തിനായോ അനുതാപത്തിന്റെ പേരിലോ അച്ചടി/ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഏത് വാർത്തയും വിശകലനവും പെയ്ഡ് ന്യൂസ് ആണെന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർവചനം തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നു. പെയ്ഡ് ന്യൂസ് പൊതുജനങ്ങളെ വഴി തെറ്റിക്കുകയും ശരിയായ അഭിപ്രായം രൂപപ്പെടുത്തുന്നതിൽനിന്ന് അവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വാർത്തയും പരസ്യവും തമ്മിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ വിന്യസിക്കണമെന്ന് കമ്മീഷൻ നിർദേശിക്കുന്നു. വാർത്തകൾക്ക് ക്രെഡിറ്റ് ലൈൻ ഉണ്ടായിരിക്കണമെന്നും അതിന്റെ ടൈപ്പ് ഫെയ്‌സ് പരസ്യത്തിൽനിന്ന് വ്യതിരിക്തമായിരിക്കണമെന്നും നിർദേശിക്കുന്നു.
സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം മുതൽ പെയ്ഡ് ന്യൂസ് പരിശോധന ബാധകമാവുന്നു. ജില്ലാതല എംസിഎംസി അതിന്റെ സംവിധാനത്തിലൂടെ പെയ്ഡ് ന്യൂസ് പരിശോധനയ്ക്കായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും കേബിൾ നെറ്റ് വർക്കുകളും നിരീക്ഷിക്കുന്നു. പെയ്ഡ് ന്യൂസ് പ്രസിദ്ധീകരിച്ച് അല്ലെങ്കിൽ പരാതി ലഭിച്ച് 96 മണിക്കൂറിനുള്ളിൽ ജില്ലാതല എംസിഎംസിയുടെ സൂചന പ്രകാരം റിട്ടേണിംഗ് ഓഫീസർ വിശദീകരണത്തിനോ ചെലവ് വെളിപ്പെടുത്താനോ ആവശ്യപ്പെട്ട് സ്ഥാനാർഥിക്ക് നോട്ടീസ് നൽകും. കമ്മിറ്റി തീരുമാനിക്കുന്ന കേസുകളിൽ മാത്രമാണ് നോട്ടീസ് നൽകേണ്ടത്. റഫർ ചെയ്യപ്പെടുന്ന എല്ലാ കേസുകളിലും നോട്ടീസ് നൽകേണ്ടതില്ല. സ്ഥാനാർഥി റിട്ടേണിംഗ് ഓഫീസറുടെ പേരിലാണ് മറുപടി നൽകേണ്ടത്. നോട്ടീസ് നൽകി 48 മണിക്കൂറിനുള്ളിൽ സ്ഥാനാർഥി മറുപടി നൽകിയില്ലെങ്കിൽ എംസിഎംസിയുടെ തീരുമാനം അന്തിമമായിരിക്കും. ജില്ലാതല എംസിഎംസിയുടെ തീരുമാനത്തിനെതിരെ ഉത്തരവ് കിട്ടി 48 മണിക്കൂറിനുള്ളിൽ സംസ്ഥാന എംസിഎംസിക്ക് പരാതി നൽകാം. അതിലും പരാതി ഉണ്ടെങ്കിൽ ഉത്തരവ് കിട്ടി 48 മണിക്കൂറിനുള്ളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നൽകാം.
പെയ്ഡ് ന്യൂസ് എന്ന് സംശയിക്കാവുന്ന വാർത്തകൾ ഇപ്രകാരമാണെന്ന് കമ്മീഷൻ പറയുന്നു.
പരസ്പരം മത്സരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ ഏതാണ്ട് ഒരേ സമയത്ത് പ്രസിദ്ധീകരിക്കുന്ന, ചിത്രവും തലക്കെട്ടുമുള്ള സമാനമായ വാർത്തകൾ. ഇവ പക്ഷേ വ്യത്യസ്ത ലേഖകരുടെ പേരിലാവും. ഒരു പത്രത്തിന്റെ ഒരേ പേജിൽ വ്യത്യസ്ത സ്ഥാനാർഥികളെ പുകഴ്ത്തി രണ്ടു പേരും
വിജയിക്കുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ. ഒരു സ്ഥാനാർഥിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തിൽനിന്നും പിന്തുണ ലഭിക്കുന്നതായും പ്രസ്തുത സ്ഥാനാർഥി വിജയിക്കുമെന്നും പ്രസ്താവിക്കുന്ന വാർത്തകൾ. ഒരു സ്ഥാനാർഥിയെ അനുകൂലിച്ച് ബൈലൈൻ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന വാർത്ത.
- Log in to post comments