Skip to main content

പോളിങ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറിൽ അപ്‌ലോഡ് ചെയ്യണം

 

 

 

നിയമസഭാ തിരഞ്ഞെടുപ്പിന് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറിലൂടെ എല്ലാ ഗ്രാമപഞ്ചായത്ത് /മുനിസിപ്പല്‍ /കോര്‍പ്പറേഷന്‍ സെക്രട്ടറിമാരും അവരവരുടെ കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഓര്‍ഡര്‍ സോഫ്റ്റ്‌വെയര്‍ നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു. ഡ്യൂട്ടിക്ക് പോളിങ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള വിവരശേഖരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ (പ്രൈമറി സഹകരണ സംഘങ്ങള്‍ ഒഴികെ), കേന്ദ്ര- സംസ്ഥാന കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍, പി.എസ്.സി, എയ്ഡഡ് കോളേജുകള്‍ /സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് ഓര്‍ഡര്‍ സോഫ്റ്റ്‌വെയറില്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ചുമതല. അതത് തദ്ദേശസ്ഥാപന പരിധിയിലെ സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാവുന്ന യൂസര്‍ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച്  ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാം.  https://order.ceo.kerala.gov.in ല്‍ നേരിട്ടും  ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താം.

 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ അര്‍ഹതയുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ തെളിവ് /മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സ്റ്റാഫ് ലിസ്റ്റിന്റെ ഹാര്‍ഡ് കോപ്പിയും അക്നോളജ്‌മെന്റും തദ്ദേശസ്ഥാപന സെക്രട്ടറിയെ ഏല്‍പ്പിക്കണം.

 

വിവരശേഖരണം മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് 12.30 നകം പൂര്‍ത്തിയാക്കി അക്നോളജ്‌മെന്റ് ജനറേറ്റ് ചെയ്യണം. തദ്ദേശസ്ഥാപന പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി ഉറപ്പുവരുത്തണം. സ്ഥാപനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതും സമര്‍പ്പിച്ചതുമായ വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തി മാര്‍ച്ച് 21 ന് വൈകീട്ട് അഞ്ചിനകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

 

 

date