കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മെഹന്തി ഫെസ്റ്റ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു.
'നമസ്‌തേ കളക്ടര്‍': ഭരണകൂടവുമായി സംവദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം; കാസര്‍കോട് ജില്ലയില്‍ പരിപാടിക്ക് തുടക്കം
നമസ്‌തേ സര്‍.. തൃശൂര്‍ കളക്ടറായുള്ള അനുഭവം പറയാമോ? കാസര്‍കോടിന് വേണ്ടി എന്തു ചെയ്യും എഐ നല്ലതോ മോശമോ? ചിപ്പാറിലെ റോഡ് ശരിയാക്കണം പൊസഡിഗുംബെ കാണാന്‍ വരുമോ?
പൈവളികെ നഗര്‍സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസിലെ കുട്ടികള്‍ ജില്ലാ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത്. തൃശൂരില്‍ മികച്ച അനുഭവമായിരുന്നുവെന്നും കാസര്‍കോടിന്റെ പിന്നാക്കവസ്ഥയിലുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. സിവില്‍ സര്‍വീസ് മോഹം തുടക്കത്തിലുണ്ടായിരുന്നില്ലെന്നും ബിടെക് പൂര്‍ത്തീകരിച്ച ശേഷമാണ് സിവില്‍ സര്‍വീസിന് ശ്രമിച്ചതെന്നും കളക്ടര്‍ പറഞ്ഞു.
ജീവിതത്തിലാദ്യമായി ജില്ലാ കളക്ടറെ നേരില്‍ കാണാന്‍ സാധിച്ചതിലുള്ള ആഹ്ലാദത്തിലായിരുന്നു കുട്ടികള്‍. കാസര്‍കോട് ജില്ലാ ഭരണകൂടവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഭരണപരമായ കാര്യങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി 'നമസ്‌തേ കളക്ടര്‍' എന്ന സവിശേഷമായ പരിപാടിക്കാണ് ഇന്ന് ജില്ലയില്‍ തുടക്കമായത്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുന്ന ഈ പരിപാടിയുടെ ആദ്യ കൂടിക്കാഴ്ച കാസര്‍കോട് കളക്ടറുടെ ചേമ്പറില്‍ നടന്നു. ഇനി മുതല്‍ എല്ലാ ബുധനാഴ്ചകളിലും വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുമായി കളക്ടര്‍ സംസാരിക്കും.
ഭരണസംവിധാനവും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും സാമൂഹികവും ഭരണപരവുമായ വിവിധ വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. കുമ്പള പൈവളികെ നഗര്‍ ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസിലെ തിരഞ്ഞെടുത്ത 20 വിദ്യാര്‍ത്ഥികളാണ് ഉദ്ഘാടന സെഷനില്‍ ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയത്. ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും തങ്ങളുടെ സംശയങ്ങള്‍ കളക്ടറോട് ചോദിച്ചറിയാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ മികച്ച അവസരം ലഭിച്ചു. വരും ആഴ്ചകളിലും ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഈ മുഖാമുഖം പരിപാടി തുടരാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അധ്യാപകരായ എസ്.സിമി, ശ്രീലത കൈല ഫെല്ലോ അര്‍ജുന്‍ രാജ്, ജില്ലാ കളക്ടറുടെ ഇന്റേണ്‍സ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments