Skip to main content

ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫലപ്രദമായി നടപ്പാക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫലപ്രദമായി നടപ്പാക്കും. പരിസ്ഥിതിക്ക് നാശം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപിത പ്രവര്‍ത്തനം ഉറപ്പാക്കും. ഇതിനായുള്ള സര്‍ക്കുലറും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനായി പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുന:ചംക്രമണം സാധ്യമല്ലാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം. പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അംഗീകരിച്ച പുന:ചംക്രമണയോഗ്യമായ പോളി എതിലീന്‍ അല്ലെങ്കില്‍ 100 ശതമാനം കോട്ടണ്‍ ഉപയോഗിച്ചുള്ള ബാനറുകള്‍ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കണം. പ്രചാരണത്തിനുള്‍പ്പെടെയുള്ള ബാനറുകളില്‍ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അല്ലെങ്കില്‍ ക്യൂ.ആര്‍.കോഡ് എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ബോട്ടിലുകള്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കി സ്റ്റീല്‍, ഗ്ലാസ് എന്നിവ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കണം.

പ്രചാരണ പരിപാടികളില്‍ അലങ്കാരത്തിനായി പുനരുപയോഗിക്കാവുന്ന സാമഗ്രികള്‍ മാത്രം ഉപയോഗിക്കണമെന്നും ശബ്ദമലിനീകരണം ഒഴിവാക്കുന്നതിനായി നിയമപരമായ പരിധിയില്‍ മാത്രമേ ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും ഉപയോഗിക്കാവൂ എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികളുടെ വിതരണം നടത്തുന്ന കേന്ദ്രങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഒരുക്കും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച പരിശീലനം ശുചിത്വ മിഷന്റെയും ഈ രംഗത്തെ മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെ ജില്ലാ കളക്ടര്‍ സംഘടിപ്പിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനവും നടപ്പിലാക്കും. നിബന്ധനകള്‍ ലംഘിച്ച് സ്ഥാപിക്കുന്ന കമാനങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. 

 

ഇത്തരം സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ചെലവ് അവ സ്ഥാപിച്ച വ്യക്തികളില്‍ നിന്നും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈടാക്കുന്നതോടൊപ്പം ആവശ്യമായ സാഹചര്യങ്ങളില്‍ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം പിഴയും ചുമത്തുന്നതാണ്.
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള ജില്ലാതല നോഡല്‍ ഓഫീസറായി ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ  ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

 

date