ഇവിഎം - വിവിപാറ്റ് മെഷീനുകളുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ അനുവദിക്കുന്നതിനുള്ള ഒന്നാംഘട്ട റാൻഡമൈസേഷൻ പ്രക്രിയ പൂർത്തിയായി. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന റാൻഡമൈസേഷേന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ജി.പ്രിയങ്ക നേതൃത്വം നൽകി.
ആദ്യഘട്ട പരിശോധനകൾ (എഫ് എൽ സി ) വിജയകരമായി പൂർത്തിയാക്കിയ ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ( സി.യു ) ,വിവിപാറ്റുകൾ
എന്നിവയാണ് റാൻഡമൈസേഷനിലൂടെ മണ്ഡലമടിസ്ഥാനത്തിൽ തരംതിരിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ഇവിഎം മാനേജ്‌മെന്റ് സിസ്റ്റം' എന്ന സോഫ്റ്റ്‌വെയർ മുഖേന തികച്ചും സുതാര്യമായ രീതിയിലാണ് മെഷീനുകൾ നിശ്ചയിച്ചത്. അംഗീകൃത ദേശീയ-സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. റാൻഡമൈസേഷൻ പൂർത്തിയായതോടെ ഓരോ മണ്ഡലത്തിലേക്കും അനുവദിച്ച മെഷീനുകളുടെ കൃത്യമായ പട്ടിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറുകയും ചെയ്തു.
ഇത്തരത്തിൽ അനുവദിക്കപ്പെട്ട യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ ഏറ്റുവാങ്ങും. തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തന്നെ ഇവ നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി അതീവ സുരക്ഷയിൽ സൂക്ഷിക്കും. സ്ഥാനാർത്ഥി പട്ടിക അന്തിമമാകുന്ന മുറക്ക് ഈ വിവരങ്ങൾ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും ലഭ്യമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
റാൻഡമൈസേഷൻ പ്രക്രിയയിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ഡോ.ശീതൾ ജി മോഹൻ ഗ്രീൻ പ്രോട്ടോകോൾ അവബോധവും ലഘുലേഖാ വിതരണവും നടത്തി.
- Log in to post comments