Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് 2026 രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി നേടണം- ജില്ല കളക്ടര്‍

 

രജിസ്റ്റര്‍ ചെയ്ത ദേശീയ, രാഷ്ട്രീയ സംസ്ഥാന പാര്‍ട്ടികള്‍, രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, വ്യക്തികള്‍ എന്നിവര്‍ ടെലിവിഷന്‍ ചാനലുകളിലോ കേബിള്‍ നെറ്റ് വര്‍ക്കുകളിലോ സിനിമാ ഹാളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യം നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) മുമ്പാകെയാണ് അപേക്ഷ നല്‍കേണ്ടത്.

രാഷ്ട്രീയ പരസ്യങ്ങള്‍ ടെലിവിഷന്‍, കേബിള്‍ നെറ്റ് വര്‍ക്ക്/കേബിള്‍ ചാനലുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെ റേഡിയോ എന്നിവയില്‍ ടെലികാസ്റ്റ്/ബ്രോഡ്കാസ്റ്റ് ചെയ്യാനും സിനിമാ ഹാളുകളില്‍ വര്‍ഷം മുഴുവന്‍ പ്രദര്‍ശിപ്പിക്കാനും പൊതുസ്ഥലങ്ങളില്‍ ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേ നടത്താനും ഇ-ന്യൂസ് പേപ്പറുകളില്‍ നല്‍കാനും ബള്‍ക്ക് എസ്എംഎസ്/വോയ്‌സ് മെസേജ് നല്‍കാനും സാമൂഹിക മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍ എന്നിവയില്‍ നല്‍കാനും എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. ഇത് കൂടാതെ അച്ചടി മാധ്യമങ്ങളില്‍ വോട്ടെടുപ്പ് ദിവസമോ അതിന് തൊട്ടു മുമ്പത്തെ ദിവസമോ നല്‍കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍/ഏതെങ്കിലും ഗ്രൂപ്പുകള്‍/ സംഘടന/ അസോസിയേഷന്‍/ സ്ഥാനാര്‍ഥി/ വ്യക്തികള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണ്.
സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിര്‍ദേശങ്ങള്‍, കമ്മീഷന്റെ ഉത്തരവുകള്‍ എന്നിവ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സ് (റെഗുലേഷന്‍) ആക്ട് 1995, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റൂള്‍സ് 1994 എന്നിവയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതു സംബന്ധിച്ച് സുപ്രീം കോടതി പരാമര്‍ശിച്ചിട്ടുണ്ട്.

സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കേണ്ടതിങ്ങനെ

ഇലക്ട്രോണിക് മീഡിയയില്‍ രാഷ്ട്രീയ പരസ്യം നല്‍കാന്‍ മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷയോടൊപ്പം നിര്‍ദിഷ്ട പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകര്‍പ്പുകള്‍ നല്‍കണം. പരസ്യത്തിന്റെ സാക്ഷ്യപ്പെടുത്തിയ ഉള്ളടക്കം (ട്രാന്‍സ്‌ക്രിപ്റ്റ്) ഉള്‍പ്പെടുത്തണം. പരസ്യത്തിന്റെ ഏതെങ്കിലും ഭാഗം നീക്കം ചെയ്യാനോ മാറ്റം വരുത്താനോ നിര്‍ദേശം നല്‍കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. പരിശോധനയ്ക്ക് ശേഷം കമ്മിറ്റിയുടെ നിര്‍ദേശം ലഭിച്ച് 24 മണിക്കൂറിനകം നിര്‍ദിഷ്ട മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. മാറ്റങ്ങള്‍ വരുത്തിയ പരസ്യം വീണ്ടും പരിശോധനയ്ക്കും അനുമതിക്കുമായി സമര്‍പ്പിക്കണം. സമിതി വീണ്ടും പരിശോധിച്ച്, പരസ്യം മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് ബോധ്യപ്പെട്ടാല്‍ പ്രക്ഷേപണ യോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. അനുമതി നല്‍കിയ പരസ്യത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റിന്റെ ആധികാരിക പകര്‍പ്പ് അപേക്ഷകന് നല്‍കണം. അനുമതി നല്‍കിയ പരസ്യത്തിന്റെ ട്രാന്‍സ്‌ക്രിപ്റ്റും ഇലക്ട്രോണിക് പകര്‍പ്പുകളും കമ്മറ്റിയുടെ കൈവശം സൂക്ഷിക്കേണ്ടതാണ്.

സമയപരിധി

രജിസ്റ്റര്‍ ചെയ്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥിയോ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ മൂന്ന് ദിവസം മുമ്പ് പ്രീ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കണം. രജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയോ ഏതെങ്കിലും വ്യക്തിയോ ആണെങ്കില്‍ പരസ്യം സംപ്രേക്ഷണം ചെയ്യുന്ന തീയ്യതിയുടെ ഏഴ് ദിവസം മുമ്പ് പ്രീ സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കണം. പ്രീ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷ ലഭിച്ചാല്‍ എം സി എം സി പരമാവധി ലഭിക്കുന്ന ദിവസം തന്നെ തീര്‍പ്പാക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കണം.

അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍

ഒരു തരത്തിലുള്ള രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് ദിവസവും അതിന്റെ തലേദിവസവും സംസ്ഥാന/ജില്ലാ എം സി എം സികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ (പ്രീ സര്‍ട്ടിക്കേഷന്‍) പ്രസിദ്ധീകരിക്കരുത്. അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ലഭിക്കാന്‍ പരസ്യം പ്രസിദ്ധീകരിക്കേണ്ട തീയ്യതിയുടെ രണ്ട് ദിവസം മുമ്പ് എം സി എം സിയില്‍ അപേക്ഷ നല്‍കണം.

മാധ്യമങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍

ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിരിക്കുന്നു. അതിനാല്‍ മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഒഴിവാക്കണം. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ വ്യക്തിപരമായ സ്വഭാവം, പെരുമാറ്റം, സ്ഥാനാര്‍ഥിത്വം എന്നിവ സംബന്ധിച്ചോ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെ പറ്റിയോ,  തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ വിജയ സാധ്യതയെപറ്റിയുള്ള മുന്‍വിധികളെ സംബന്ധിച്ച് വിമര്‍ശനാത്മകമായതോ തെറ്റായതോ ആയ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പത്രങ്ങള്‍ വിട്ടുനില്‍ക്കണം. സ്ഥാനാര്‍ഥിക്കോ പാര്‍ട്ടിക്കോ എതിരായ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുത്.

കേബിള്‍ ഓപ്പറേറ്റര്‍ക്ക് സുപ്രീം കോടതി നിര്‍ദേശങ്ങള്‍

ജാതി, മതം, വര്‍ഗം, ഭാഷ ഭിന്നത ഉളവാക്കുന്ന പരസ്യങ്ങള്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഒഴിവാക്കണം. ധാര്‍മികത, മാന്യത, മതവികാരം എന്നിവ വ്രണപ്പെടുത്തുന്ന പരസ്യങ്ങള്‍ പാടില്ല. ദേശീയത, ജാതി, വര്‍ണം, മതം എന്നിവയെ പരിഹസിക്കല്‍, കുറ്റകൃത്യങ്ങള്‍, ക്രമക്കേട്, നിയമലംഘനം എന്നിവയ്ക്ക് ആളുകളെ പ്രേരിപ്പിക്കല്‍, അക്രമം, അശ്ലീലം എന്നിവയെ മഹത്വവല്‍ക്കരിക്കല്‍ എന്നിവ സംബന്ധിച്ച ഒരു പരസ്യവും അനുവദിക്കരുത്.

സുപ്രീം കോടതി ഉത്തരവ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടി, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ പരസ്യങ്ങള്‍ നിരോധിക്കുന്നില്ല. എങ്കിലും ഇത്തരക്കാര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ നേട്ടത്തിനായി പരസ്യങ്ങള്‍ നല്‍കാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു. രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ എതിരായ പരസ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയന്ത്രണങ്ങള്‍

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 127എ പ്രകാരം തിരഞ്ഞെടുപ്പ് ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും അച്ചടിക്കും പ്രസിദ്ധീകരണത്തിനും നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പ് ലഘുലേഖയുടെയോ പോസ്റ്ററിന്റെയോ മുഖഭാഗത്ത് അച്ചടിക്കുന്നയാളുടെയും പ്രസിദ്ധീകരിക്കുന്നയാളുടെയും (പബ്ലിഷര്‍) പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം. പ്രസിദ്ധീകരിക്കുന്നയാളുടെ ഐഡന്റിറ്റി വ്യക്തമാക്കുന്നതും, ഒപ്പിട്ടതും, സാക്ഷ്യപ്പെടുത്തിയതുമായ ഡിക്ലറേഷന്‍ രണ്ട് കോപ്പികളായി അച്ചടിക്കുന്നയാള്‍ക്ക് നല്‍കുന്നതുവരെ അത്തരം വസ്തുക്കള്‍ അച്ചടിക്കാന്‍ പാടില്ല.

അച്ചടി കഴിഞ്ഞാലുടന്‍, പ്രസ്തുത ഡിക്ലറേഷന്റെ ഒരു പകര്‍പ്പും അച്ചടിച്ച വസ്തുവിന്റെ ഒരു പകര്‍പ്പും അച്ചടിക്കുന്നയാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കോ അല്ലെങ്കില്‍ ജില്ലാ മജിസ്ട്രേറ്റിനോ നിശ്ചിത സമയത്തിനുള്ളില്‍ അയച്ചു കൊടുക്കേണ്ടതാണ്. ഈ നിയമങ്ങള്‍ ലംഘിക്കുന്നര്‍ക്ക് ആറുമാസം വരെ തടവോ, 2000 രണ്ടായിരം രൂപ വരെയുള്ള പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കാവുന്നതാണ്.

പ്രിന്റിംഗ് പ്രസുകള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം എല്ലാ പ്രിന്റിംഗ് പ്രസുകളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ ചുവടെ:
പേരും മേല്‍വിലാസവും: അച്ചടിക്കുന്ന ഓരോ തിരഞ്ഞെടുപ്പ് ലഘുലേഖയിലോ പോസ്റ്ററിലോ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായും കൃത്യമായും രേഖപ്പെടുത്തണം.
രേഖകള്‍ സമര്‍പ്പിക്കല്‍: അച്ചടി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍, അച്ചടിച്ച വസ്തുക്കളുടെ പകര്‍പ്പുകള്‍, അവയുടെ മൂന്ന് അധിക പകര്‍പ്പുകള്‍, പബ്ലിഷറില്‍ നിന്ന് ലഭിച്ച ഡിക്ലറേഷന്‍ എന്നിവ ബന്ധപ്പെട്ട അധികാരിക്ക് സമര്‍പ്പിക്കണം.
ഈ നിയമങ്ങള്‍ ലംഘിക്കുന്നത് ഗൗരവമായി കാണുന്നതാണ്. നിയമനടപടികള്‍ക്ക് പുറമെ, ഉചിതമായ സന്ദര്‍ഭങ്ങളില്‍ പ്രിന്റിംഗ് പ്രസിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പെയ്ഡ് ന്യൂസ്

പണത്തിനായോ അനുതാപത്തിന്റെ പേരിലോ അച്ചടി/ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഏത് വാര്‍ത്തയും വിശകലനവും പെയ്ഡ് ന്യൂസ് ആണെന്ന പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍വചനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നു. പെയ്ഡ് ന്യൂസ് പൊതുജനങ്ങളെ വഴി തെറ്റിക്കുകയും ശരിയായ അഭിപ്രായം രൂപപ്പെടുത്തുന്നതില്‍നിന്ന് അവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വാര്‍ത്തയും പരസ്യവും തമ്മില്‍ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ വിന്യസിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വാര്‍ത്തകള്‍ക്ക് ക്രെഡിറ്റ് ലൈന്‍ ഉണ്ടായിരിക്കണമെന്നും അതിന്റെ ടൈപ്പ് ഫെയ്‌സ് പരസ്യത്തില്‍നിന്ന് വ്യത്യസ്തമായിരിക്കണമെന്നും നിര്‍ദേശിക്കുന്നു.

സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ പെയ്ഡ് ന്യൂസ് പരിശോധന ബാധകമാകും. ജില്ലാതല എം സി എം സി അതിന്റെ സംവിധാനത്തിലൂടെ പെയ്ഡ് ന്യൂസ് പരിശോധനയ്ക്കായി അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളും കേബിള്‍ നെറ്റ് വര്‍ക്കുകളും നിരീക്ഷിക്കും. പെയ്ഡ് ന്യൂസ് പ്രസിദ്ധീകരിച്ച് അല്ലെങ്കില്‍ പരാതി ലഭിച്ച് 96 മണിക്കൂറിനുള്ളില്‍ ജില്ലാതല എം സി എം സിയുടെ സൂചന പ്രകാരം റിട്ടേണിംഗ് ഓഫീസര്‍ വിശദീകരണത്തിനോ ചെലവ് വെളിപ്പെടുത്താനോ ആവശ്യപ്പെട്ട് സ്ഥാനാര്‍ഥിക്ക് നോട്ടീസ് നല്‍കും. കമ്മിറ്റി തീരുമാനിക്കുന്ന കേസുകളില്‍ മാത്രമാണ് നോട്ടീസ് നല്‍കേണ്ടത്. റഫര്‍ ചെയ്യപ്പെടുന്ന എല്ലാ കേസുകളിലും നോട്ടീസ് നല്‍കേണ്ടതില്ല. സ്ഥാനാര്‍ഥി റിട്ടേണിംഗ് ഓഫീസറുടെ പേരിലാണ് മറുപടി നല്‍കേണ്ടത്. നോട്ടീസ് നല്‍കി 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി മറുപടി നല്‍കിയില്ലെങ്കില്‍ എം സി എം സിയുടെ തീരുമാനം അന്തിമമായിരിക്കും. ജില്ലാതല എം സി എം സിയുടെ തീരുമാനത്തിനെതിരെ ഉത്തരവ് കിട്ടി 48 മണിക്കൂറിനുള്ളില്‍ സംസ്ഥാന എം സി എം സിക്ക് പരാതി നല്‍കാം. അതിലും പരാതി ഉണ്ടെങ്കില്‍ ഉത്തരവ് കിട്ടി 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കാം.

പരസ്പരം മത്സരിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ ഏതാണ്ട് ഒരേ സമയത്ത് പ്രസിദ്ധീകരിക്കുന്ന, ചിത്രവും തലക്കെട്ടുമുള്ള സമാനമായ വാര്‍ത്തകളെയാണ് പെയ്ഡ് ന്യൂസ് എന്ന് സംശയിക്കാവുന്ന വാര്‍ത്തകളായി കമ്മീഷന്‍ പറയുന്നത്. ഇവ പക്ഷേ വ്യത്യസ്ത ലേഖകരുടെ പേരിലാവും. ഒരു പത്രത്തിന്റെ ഒരേ പേജില്‍ വ്യത്യസ്ത സ്ഥാനാര്‍ഥികളെ പുകഴ്ത്തി രണ്ടു പേരും വിജയിക്കുമെന്ന് അവകാശപ്പെടുന്ന വാര്‍ത്തകള്‍. ഒരു സ്ഥാനാര്‍ഥിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍നിന്നും പിന്തുണ ലഭിക്കുന്നതായും പ്രസ്തുത സ്ഥാനാര്‍ഥി വിജയിക്കുമെന്നും പ്രസ്താവിക്കുന്ന വാര്‍ത്തകള്‍. ഒരു സ്ഥാനാര്‍ഥിയെ അനുകൂലിച്ച് ബൈലൈന്‍ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത.

date