Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം 24 മുതല്‍

 

ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 24 മുതല്‍ 29 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു. 
മാര്‍ച്ച് 22ന് ഉച്ചക്ക് 12 മണിയോടെ ജീവനക്കാര്‍ക്കുള്ള ഡ്യൂട്ടി ഉത്തരവുകള്‍ ഇലക്ഷന്‍ കമീഷന്റെ സോഫ്റ്റ്‌വെയറില്‍ ലഭ്യമാകും. എസ്.എം.എസ് വഴി ജീവനക്കാരുടെ ഫോണിലേക്കും സന്ദേശം വരും. സ്ഥാപന മേധാവികള്‍ നിയമന ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിലെ പത്ത് കേന്ദ്രങ്ങളിലായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഗവ. പോളിടെക്‌നിക് കോളേജ് വെസ്റ്റ്ഹില്‍, ജെ.ഡി.ടി ഇസ്‌ലാം മള്‍ട്ടിമീഡിയ കോളേജ് വെള്ളിമാടുകുന്ന്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് മീഞ്ചന്ത, ഗവ. ലോ കോളേജ് വെള്ളിമാടുകുന്ന്,  ഗോകുലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബാലുശ്ശേരി, സി.കെ.ജി കോളേജ് പേരാമ്പ്ര, മടപ്പള്ളി ഗവ. കോളേജ്, താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയം, ഐ.എച്ച്.ആര്‍.ഡി കോരങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലനം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളെ ബാധിക്കാത്ത തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
 പരിശീലന കേന്ദ്രങ്ങളിലെ കലക്ഷന്‍ സെന്ററുകള്‍ വഴി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് (ഫോം 12) അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയും എന്നാല്‍ പരിശീലന പരിപാടിയില്‍ ഉള്‍പെടാതിരിക്കുകയും ചെയ്ത മറ്റ് ജീവനക്കാര്‍ക്കും ഈ കൗണ്ടറുകള്‍ വഴി പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നല്‍കാന്‍ സാധിക്കും.

date