Skip to main content

വോട്ടെണ്ണൽ കേന്ദ്രങ്ങളും സ്ട്രോം​ഗ് റൂമുകളും സന്ദർശിച്ച് ജില്ലാ കളക്ടർ

#പോളിം​ഗ് ഉദ്യോ​ഗസ്ഥർക്കുള്ള പരിശീലന കേന്ദ്രങ്ങളും കളക്ടർ സന്ദർശിച്ചു#

നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി വോട്ടിം​ഗ് മെഷീനുകളുടെ ജില്ലയിലെ സ്വീകരണ വിതരണ കേന്ദ്രങ്ങളും സ്‌ട്രോങ് റൂമുകളും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടക്കുന്ന പരിശീലന കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ അനു കുമാരി സന്ദര്‍ശിച്ചു.

മാർ ഇവാനിയോസ് കോളേജ്, മാർ ബസേലിയോസ് എഞ്ചിനീയറിം​ഗ് കോളേജ്, പട്ടം കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ കളക്ടർ നേരിട്ടെത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്ക്  പ്ലാനറ്റോറിയം, ഡിപിഐ സഹകരണ ഭവൻ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ട്രെയിനിം​ഗ് സെന്ററുകളിലും കളക്ടർ നേരിട്ടെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആദ്യ ഘട്ടത്തില്‍ 10 കേന്ദ്രങ്ങളിലായി 20 പരിശീലന ഹാളുകള്‍ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 28 വരെ പ്രിസൈഡിംഗ് ഓഫീസര്‍ക്കും, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ക്കുമായി ക്രമീകരിച്ചിട്ടുള്ള ആദ്യ ഘട്ട പരിശീലനത്തില്‍ 9520 പോളിംഗ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

വീടുകളില്‍ ചെന്ന് വോട്ട് രേഖപ്പെടുത്തുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും, ഇത് നിരീക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്കുള്ള പരിശീലനവും മാർച്ച് 27വരെ രണ്ട് പരിശീലന ഹാളുകളിലായി ക്രമീകരിച്ചിട്ടുണ്ട്. ഇതിൽ 486 ജീവനക്കാര്‍ പങ്കെടുക്കുന്നുണ്ട്.

ട്രെയിനിംഗ് ജില്ലാ നോഡല്‍ ഓഫീസര്‍ സജി ആര്‍.എസ്, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

date