Skip to main content

സി-വിജില്‍: ഇതുവരെ ലഭിച്ചത് 7800 പരാതികള്‍

 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതിവേഗം അധികാരികളെ അറിയിക്കാനുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഇതുവരെ ലഭിച്ചത് 7800 പരാതികള്‍. ലഭിച്ച മുഴുവന്‍ പരാതികളും തീര്‍പ്പാക്കി.  

കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പരാതികള്‍ ലഭിച്ചയുടന്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറുകയും ഫ്‌ളയിങ് സ്‌ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. എം.സി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അജിത്ത് ജോണിനാണ് സി വിജിലിന്റെ ചുമതല. എം.സി.സി കണ്‍ട്രോള്‍ റൂമിലാണ് ജില്ലാതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. 

ലഹരിവസ്തുക്കള്‍, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം. 100 മിനിറ്റിനുള്ളില്‍ പരാതികള്‍ തീര്‍പ്പാക്കും. ഇ.സി.ഐ നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സി-വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും.

date