Skip to main content

തിരഞ്ഞെടുപ്പ്: ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധവേണം- ആരോഗ്യ വകുപ്പ്

ജില്ലയില്‍ വേനല്‍ച്ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകാണിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സൂര്യാഘാതം, സൂര്യതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും കടുത്ത വെയിലിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രചാരണ പരിപാടികളും തിരഞ്ഞെടുപ്പ് ജോലികളും തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രചാരണത്തിനിറങ്ങുന്നവര്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജ്ജലീകരണം തടയാന്‍ പച്ചവെള്ളത്തിന് പുറമെ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കുന്നത് നല്ലതാണ്. പകല്‍സമയങ്ങളില്‍ ചായ, കാപ്പി, കാര്‍ബണേറ്റഡ് ലഘുപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. വെയിലത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൃത്യമായ വിശ്രമം അത്യാവശ്യമാണ്. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ഉറപ്പുവരുത്തണം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ കൃത്യസമയത്ത് മരുന്നുകള്‍ കഴിക്കാനും പരിശോധനകള്‍ നടത്താനും മടി കാണിക്കരുത്. തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തണലും ശുദ്ധജലവും ഉറപ്പാക്കണം. പാനീയങ്ങള്‍ തയ്യാറാക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് വലിയ സമ്മേളനങ്ങളും തുറന്ന വാഹനങ്ങളിലുള്ള പ്രചാരണവും പരമാവധി ഒഴിവാക്കി സമയം ക്രമീകരിക്കേണ്ടതാണ്.
പ്രചാരണ വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ തനിച്ചിരുത്തി പോകുന്നത് ഒഴിവാക്കണം. അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ശരീരത്തില്‍ ചുവന്ന പാടുകള്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ വെയിലില്‍ നിന്ന് മാറി വിശ്രമിക്കുകയും അടിയന്തരമായി വൈദ്യസഹായം തേടുകയും വേണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

date