നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് പരിശോധന മാര്‍ച്ച് 30 മുതല്‍
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രതിദിന ചെലവ് കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള തീയതികള്‍ നിശ്ചയിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന നടക്കുക. എക്സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരായ അനൂപ് കുമാര്‍ വര്‍മ, അനുരാഗ് ശ്രീവാസ്തവ, റൗത്ത് മനീഷ് മഹീന്ദ്ര, മഹേന്ദ്ര പ്രതാപ് സിംഗ് ബൈസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക.
കൊണ്ടോട്ടി, വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിലെ പരിശോധന മാര്‍ച്ച് 30, ഏപ്രില്‍ മൂന്ന്, ഏഴ് തീയതികളില്‍ രാവിലെ 10 ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അന്നേ ദിവസം മലപ്പുറം, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി മണ്ഡലങ്ങളിലെ കണക്കുകള്‍ രാവിലെ 10 മുതല്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശോധിക്കും.
മാര്‍ച്ച് 31, ഏപ്രില്‍ നാല്, ഏഴ് തീയതികളില്‍ പെരിന്തല്‍മണ്ണ, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ പരിശോധന രാവിലെ 10 ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥിയോ എക്സ്‌പെന്‍ഡിച്ചര്‍ ഏജന്റോ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ കൃത്യമായി സൂക്ഷിച്ച രജിസ്റ്ററുകളും അനുബന്ധ രേഖകളും സഹിതം നിശ്ചിത കേന്ദ്രങ്ങളില്‍ കണക്കുകള്‍ ബോധിപ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരവ് ചെലവ് കണക്കുകള്‍ രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമുള്ള പരിശീലന പരിപാടി ഇന്ന് (ശനി) രാവിലെ 10ന് ജില്ലാ പ്ലാനിങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
- Log in to post comments