സ്റ്റേറ്റ് ഹജ് ഇന്‍സ്‌പെക്ടര്‍മാരുടെ ദ്വിദിന റസിഡന്‍ഷ്യല്‍ പരിശീലന ക്യാംപ് തുടങ്ങി
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പുറപ്പെടുന്നവരുടെ കൂടെ യാത്ര ചെയ്ത് സൗദിയില്‍ സേവനം ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ഹജ് ഇന്‍സ്‌പെക്ടര്‍മാരുടെ ദ്വിദിന റസിഡന്‍ഷ്യല്‍ പരിശീലന ക്യാംപ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടങ്ങി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്ന് ഹജ്ജ് വേളയില്‍ സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് ഓഫീസര്‍, ഹജ്ജ് സൂപ്രണ്ട്, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട ഡപ്യൂട്ടേഷനിസ്റ്റുകള്‍ക്കും സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ക്കുമാണ് വിപുലമായ പരിശീലനം ഒരുക്കിയത്.
2026 ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 88 സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാരാണ് ഹാജിമാരെ അനുഗമിച്ച് സേവനം ചെയ്യുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടത്. 67 പുരുഷന്മാരും 21 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. 150 പേര്‍ക്ക് ഒരാള്‍ എന്ന തോതിലാണ് സര്‍ക്കാര്‍ ജീവനക്കാരെ പ്രത്യേക പരീക്ഷ, അഭിമുഖം, കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക പരിശീലനം എന്നീ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുത്തത്. പരിശീലനത്തിന്റെ ആമുഖം, എസ്.എച്ച്.ഐമാരുടെ ഉത്തരവാദിത്തം എന്നിവ അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത് അവതരിപ്പിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിസ്റ്റുകളുമായി മുഖാമുഖം, ലോജിസ്റ്റിക്സ്, വിവിധ ഏജന്‍സികളുമായി സംശയ നിവാരണം എന്നിവയ്ക്ക് നോഡല്‍ ഓഫീസര്‍ പി.കെ. അസ്സൈന്‍ നേതൃത്വം നല്‍കി. വീട്ടില്‍ നിന്ന് പുറപ്പെട്ട് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നത് വരെയുള്ള വിശദ പഠനങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഫാക്കല്‍റ്റിമാരായ എന്‍.പി. ഷാജഹാന്‍, കെ.എ. മുഹമ്മദ് സലീം, കെ.ടി അമാനുല്ല എന്നിവര്‍ നേതൃത്വം നല്‍കി. പ്രാഥമിക ശുശ്രൂഷ, അടിസ്ഥാന ആരോഗ്യം എന്നിവയില്‍ യു. മുഹമ്മദ് റഊഫ്, നസീര്‍ അഹമ്മദ് എന്നിവര്‍ ക്ലാസ്സ് നയിച്ചു. ഇന്ന് ഞായര്‍ രാവിലെ ആരോഗ്യ പരിശീലനത്തോടെ ക്യാംപ് തുടങ്ങും. സാങ്കേതിക പരിശീലനം, എയര്‍ലൈന്‍, ഇമിഗ്രേഷന്‍, ലോജിസ്റ്റിക്ക് എന്നിവയില്‍ പ്രമുഖരുടെ അവതരണം, മനശാസ്ത്ര സമീപനത്തില്‍ അബ്ദു മാനിപുരം നയിക്കുന്ന ക്ലാസ് എന്നിവയോടെ സമാപിക്കും.
- Log in to post comments