Skip to main content

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി

 

ഉദ്യോഗസ്ഥ സംഘം വോട്ടറുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്ന ഹോം വോട്ടിംഗ് തിങ്കളാഴ്ച തുടങ്ങി. ജില്ലയിൽ ആകെ 19,276 ഹോം വോട്ടുകളാണ് അംഗീകരിച്ചിട്ടുള്ളത്. 

ആദ്യ ദിവസം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ അരുൺ കെ വിജയൻ ഹോം വോട്ടിംഗ് നടന്ന ഏതാനും വീടുകൾ സന്ദർശിച്ചു. 
കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി ബി.ബി റോഡിലെ അമ്പലത്തിൽ വീട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിലാണ് കലക്ടർ ഉൾപ്പെട്ട സംഘം ആദ്യമെത്തിയത്. 86 വയസുള്ള ഷാഹുൽ ഹമീദ് ആദ്യമായാണ് വീട്ടിൽ നിന്ന് വോട്ട് ചെയുന്നത്. എൻ ജുനൈദ്, രഞ്ജിത്ത് കമൽ എന്നീ പോളിംഗ് ഓഫീസർമാർ വോട്ട് ചെയ്യാൻ വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി. ശേഷം ഷാഹുൽ ഹമീദ് വോട്ടിംഗിന്റെ രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് വോട്ട് രേഖപ്പെടുത്തി. 

നടക്കാൻ വയ്യാത്ത തനിക്ക്‌ ബൂത്തിൽ പോകാതെ വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. 

അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ഡോ. എൻ സിബി, കല്യാശ്ശേരി മണ്ഡലം വരണാധികാരി കെ.എൻ ബിന്ദു, ബി.എൽ.ഒ കെ ഷൈനി എന്നിവരും സന്നിഹിതരായി. 

അഴീക്കോട്‌ മണ്ഡലത്തിലെ എടച്ചേരി ചട്ട ഹൗസിൽ സഹോദരങ്ങളായ സി പ്രദീപൻ (55), സി സിന്ധു (38) എന്നിവർ വീട്ടിൽ വോട്ട് ചെയുന്ന വേളയിലും ജില്ലാ കലക്ടർ സന്ദർശിച്ചു. 

ഭിന്നശേഷി വിഭാഗത്തിലുള്ള സഹോദരങ്ങൾക്കായി ബന്ധുക്കളാണ് കമ്പാനിയൻ വോട്ട് ചെയ്തത്. തൊട്ടടുത്ത വലിയ വളപ്പിൽ പി നിവേദ് (33) വോട്ട് ചെയ്യുന്നിടത്തും ഉദ്യോഗസ്ഥർ എത്തി. വയ്യാത്ത മകനുമായി പ്രയാസപ്പെട്ട് ബൂത്തിൽ പോകുന്നത് ഒഴിവാക്കി വീട്ടിൽ വോട്ട് ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നിവേദിന്റെ അമ്മ പി വനജ പറഞ്ഞു. 

ബി.എൽ.ഒ ഷൈനേഷ് ചന്ദ്ര സന്നിഹിതനായി. ഹോം വോട്ടിംഗ് ഏപ്രിൽ 5 വരെ നീളും.

date