തെരഞ്ഞെടുപ്പ്: ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം
ഏപ്രില്‍ 8, 9 തിയ്യതികളിലെ അച്ചടി മാധ്യമ പരസ്യങ്ങള്‍ക്കും മുൻകൂർ അഗീകാരം വേണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണം. ടി.വി ചാനലുകള്‍, ലോക്കല്‍ കേബിള്‍ ചാനലുകള്‍, റേഡിയോ, എഫ്.എം, ഇ- പേപ്പര്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ, സിനിമാ തിയേറ്ററുകള്‍, എൽ ഇ ഡി വാൻ, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വല്‍ ഡിസ്പ്ലേ, ബള്‍ക് എസ്.എം.എസ്, ബള്‍ക് വോയ്സ് മെസേജ് എന്നിവയിലെ പരസ്യങ്ങള്‍ക്കെല്ലാം പ്രീ സര്‍ട്ടിഫിക്കേഷന്‍ വാങ്ങണം. നിര്‍ദിഷ്ട ഫോമില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പെന്‍ഡ്രൈവില്‍ അംഗീകാരം കിട്ടേണ്ട ഉള്ളടക്കത്തിന്റെ രണ്ട് പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും സിവില്‍ സ്റ്റേഷന്‍ ബി 3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് /മീഡിയാ മോണിറ്ററിങ് സെല്ലില്‍ സമര്‍പ്പിക്കണം. പ്രക്ഷേപണത്തിന് നിശ്ചയിച്ച തീയതിക്ക് മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം.
ഇതുകൂടാതെ തെരഞ്ഞെടുപ്പു ദിവസവും (ഏപ്രില്‍ 9) തലേന്നും (ഏപ്രില്‍ 8) ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ നല്‍കേണ്ടത്.
- Log in to post comments