തിരഞ്ഞെടുപ്പിൽ ഹരിതചട്ടപാലനം ഉറപ്പാക്കാൻ ശുചിത്വ മിഷൻ
ഹരിതചട്ട ലംഘനങ്ങൾ 9946700800 വാട്സ്ആപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാം
നിയമസഭ തിരഞ്ഞെടുപ്പ് കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷൻ. ജില്ലയിലെ എല്ലാ തിരഞ്ഞെടുപ്പ് ബൂത്തുകളിലും ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിനായി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കെ എം. സുനിൽകുമാർ പറഞ്ഞു.
മാലിന്യസംസ്കരണത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ളതിനാൽ, ജൈവമാലിന്യത്തിനും പൊതുമാലിന്യത്തിനുമായി വേർതിരിച്ച ബിന്നുകൾ ഓരോ ബൂത്തിലും സ്ഥാപിക്കും.
വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ആവശ്യമായ ശുദ്ധജല സൗകര്യം ഒരുക്കും.
മാലിന്യശേഖരണം കാര്യക്ഷമമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകർമ്മ സേന പ്രവർത്തകരെ നിയോഗിക്കും. ഇവർ സമയബന്ധിതമായി മാലിന്യം ശേഖരിച്ചു സംസ്ക്കരിക്കുന്നു എന്ന് ഉറപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഹരിതചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ 9946700800 എന്ന വാട്ട്സ്ആപ്പ് നമ്പർ സജ്ജമാക്കി. ജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ചു പരാതികൾ ശ്രദ്ധയിൽപ്പെടുത്താം.
തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന സ്കൂളുകൾ ശുചിയായി തന്നെ തിരിച്ചുനൽകും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് ഉത്തരവാദിത്തം നൽകുകയും, അവർ അഞ്ച് ദിവസത്തിനകം ശുചിത്വ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീ മുഖേനയാണ് വിതരണം ചെയ്യുക. പാക്കിംഗിന് പുന:രുപയോഗിക്കാവുന്ന സാധനങ്ങൾ മാത്രം ഉപയോഗിക്കുകയും പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുകയും ചെയ്യും.
കൂടാതെ, ഓരോ ഗ്രാമപഞ്ചായത്തിലും അസിസ്റ്റന്റ് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയമിച്ച് ഹരിതചട്ടങ്ങൾ കര്ശനമായി നടപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
- Log in to post comments