മാതൃകാ പെരുമാറ്റച്ചട്ട ലംഘനം: ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തത് 53,257 പ്രചാരണ ബോര്‍ഡുകള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കര്‍ശനമായി തടയാന്‍ ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് പരിശോധന തുടരുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ പൊതുഇടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുമായി അനധികൃതമായി സ്ഥാപിച്ച 53,257 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
പൊതുഇടങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ 403 ചുവരെഴുത്തുകള്‍, 42184 പോസ്റ്ററുകള്‍, 4564 ബാനറുകളും ബോര്‍ഡുകളും, കൊടികള്‍ ഉള്‍പ്പെടെയുള്ള 5630 മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവയടക്കം ആകെ 52781 പ്രചാരണ സാമഗ്രികള്‍ പൊതുഇടങ്ങളില്‍ നിന്ന് നീക്കം ചെയ്തു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ 67 ചുവരെഴുത്തുകള്‍, 130 പോസ്റ്ററുകള്‍, 65 ബാനറുകളും ബോര്‍ഡുകളും, കൊടികള്‍ ഉള്‍പ്പെടെയുള്ള 214 തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളടക്കം 476 അനധികൃത പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്.
പൊതുയിടങ്ങളിലെ പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരില്‍ 119 കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു വ്യക്തിയുടെയും ഭൂമി, കെട്ടിടം, മതില് മുതലായവയില്‍ അയാളുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കല്‍, ചുവരെഴുത്തുകള്‍ നടത്തുക, പോസ്റ്ററുകള്‍ പതിക്കുക, ബാനറുകള്‍ കെട്ടുക, കൊടിതോരണങ്ങള്‍ സ്ഥാപിക്കുക, മുദ്രാവാക്യങ്ങള്‍ എഴുതല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരെയാണ് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികളെടുക്കുന്നത്.
- Log in to post comments