*ജില്ലയിൽ വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂര്‍ത്തിയായി*
ജില്ലയിൽ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) കമ്മീഷനിങ് പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലും ഉപയോഗിക്കുന്നതിനുള്ള ബാലറ്റ് യൂണിറ്റുകളിൽ ബാലറ്റ് ലേബലുകൾ പതിപ്പിക്കുകയും ബാലറ്റ്, കൺട്രോൾ, വിവിപാറ്റ് യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കി സീൽ ചെയ്യുകയും ചെയ്തു. ജില്ലയിൽ ആകെയുള്ള 715 പോളിങ് സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള വോട്ടിങ് മെഷീനുകൾക്ക് പുറമെ അധികമായി 20 ശതമാനം റിസർവ് വോട്ടിങ് മെഷീനുകളും 30 ശതമാനം റിസർവ് വിവിപാറ്റ് മെഷീനുകളും പ്രവർത്തന സജ്ജമാക്കി കമ്മീഷൻ ചെയ്തിട്ടുണ്ട്.
227 ബൂത്തുകളുള്ള കൽപ്പറ്റ മണ്ഡലത്തിൽ 272 ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 295 വിവിപാറ്റ് യൂണിറ്റുകളും കമ്മീഷൻ ചെയ്തു. 251 ബൂത്തുകളുള്ള മാനന്തവാടി മണ്ഡലത്തിൽ 301 ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 326 വിവിപാറ്റ് യൂണിറ്റുകളുമാണ് കമ്മീഷൻ ചെയ്തത്. 237 ബൂത്തുകളുള്ള മാനന്തവാടി മണ്ഡലത്തിൽ 284 ബാലറ്റ്, കൺട്രോൾ യൂണിറ്റുകളും 308 വിവിപാറ്റ് യൂണിറ്റുകളും പ്രവർത്തന സജ്ജമാക്കി കമ്മീഷൻ ചെയ്തു.
മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂൾ, കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു കമ്മീഷനിങ് നടന്നത്. റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍, സ്ഥാനാര്‍ത്ഥികളുടെയും അവരുടെ ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് നടപടികള്‍ പൂർത്തിയാക്കിയത്. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പൊതു നിരീക്ഷകൻ ഡോ.ശ്രീധർബാബു അധാൻകിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയും കമ്മീഷനിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
- Log in to post comments