Skip to main content

വോട്ടവകാശം വിനിയോഗിക്കൂ; ഗോത്രമേഖലകളിൽ ആവേശമായി ജില്ലാ കളക്ടറുടെ സന്ദർശനം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ ഉന്നതികളിൽ വോട്ടർ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കി. 

ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ വാര്യയംകുടി ഗോത്രമേഖലയിൽ സന്ദർശനം ഊരുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ജില്ലാ കളക്ടർ വോട്ടർമാരോടൊപ്പം ആടുകയും പാടുകയും ചെയ്ത് ബോധവൽക്കരണ പരിപാടിയിൽ പങ്കാളിയായി. ഗോത്രവർഗ്ഗക്കാരുമായി  സംസാരിച്ച ജില്ലാ കളക്ടർ, ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തി.

നമ്മുടെ ഓരോരുത്തരുടെയും വോട്ട് വിലപ്പെട്ടതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം. നിങ്ങളുടെ കുടുംബാംഗങ്ങളെയും അയൽക്കാരെയും ഏപ്രിൽ 9-ന് പോളിംഗ് ബൂത്തിലെത്തിക്കാൻ മുൻകൈ എടുക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

​ഊരുമൂപ്പന്മാരെയും കാണിക്കാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച സേവനം കാഴ്ചവെച്ച ട്രൈബൽ പ്രമോട്ടർമാർക്കും ബി.എൽ.ഒമാർക്കും ഉപഹാരങ്ങൾ നൽകി.

ഊരുമൂപ്പന്മാരുടെ നേതൃത്വത്തിൽ വോട്ടർമാർ പ്രതിജ്ഞയെടുത്തു. തുടർന്ന് ഗോത്രവർഗ സംസ്കാരത്തിന്റെ തനിമയാർന്ന കലാരൂപങ്ങൾ അവതരിപ്പിച്ചു. കൊട്ടി, ഉറുമിശി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന കെന്നിഞ്ചിപിടി, കുമ്മിയടി, കൊമാളിയാട്ട് എന്നീ പരമ്പരാഗത നൃത്തങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ഗോത്രവർഗക്കാർക്കൊപ്പം   പങ്കുചേർന്നു. 

​ജില്ലയിലെ എല്ലാ മേഖലകളിലും നൂറുശതമാനം വോട്ടിങ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ പ്രത്യേക ഇടപെടലുകൾ. അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഫിനാൻഷ്യൽ അസിസ്റ്റൻ്റ് എസ് മനോജ് കുമാർ എന്നിവരുടെ  നേതൃത്വത്തിൽ ഉദ്യോഗസ്ഥർ താളുംകണ്ടം, പൊങ്ങുംചുവട്,  പിണവൂർകുടി എന്നീ ഉന്നതികൾ സന്ദർശിച്ചിരുന്നു. കൊച്ചിൻ ആർട്സ് ആൻഡ് സയൻസ്, മൂവാറ്റുപുഴ നിർമ്മല എന്നീ കോളേജുകളിലെ വിദ്യാർത്ഥികളും ഈ സംഘത്തിൽ ഉണ്ടായിരുന്നു.

date