Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണവുമായി കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നാളെ (വ്യാഴം) നടക്കുന്ന വോട്ടെടുപ്പും മറ്റു പ്രക്രിയകളും തത്സമയം നിരീക്ഷിക്കുന്നതിനും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനും വിപുലമായ സംവിധാനങ്ങളൊരുക്കി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം. ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിരിക്കുന്നത്.

ജില്ലയിലെ 3689 പോളിംഗ് സ്റ്റേഷനുകളിലെയും ദൃശ്യങ്ങള്‍ വെബ് കാസ്റ്റിംഗ് വഴി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയാന്‍ സാധിക്കും. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിനും രണ്ട് വീതം പേര്‍ നിരീക്ഷണ സംവിധാനത്തിലുണ്ടാകും. ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലെയും ഓരോ അപ്ഡേഷനുകളും പി.ആര്‍.ഒ ആപ്പിലൂടെ ശേഖരിക്കും. വോട്ടിംഗ് ദിവസം പോളിംഗ് പാര്‍ട്ടി നെറ്റ്വര്‍ക്ക് വഴി പി.ആര്‍.ഒ. നെറ്റ് ആപ്പിലൂടെ രണ്ടു മണിക്കൂര്‍ ഇടവിട്ട് ജില്ലയിലെ വോട്ടിംഗ് ശതമാനം അറിയാന്‍ സാധിക്കും. രാവിലെ ഒന്‍പതിനാണ് ആദ്യ വോട്ടിംഗ് ശതമാനം പുറത്തുവരിക.

മോക്ക് പോളിംഗ്, പോളിംഗ് ആരംഭിക്കല്‍, വോട്ടിംഗ് അപ്ഡേഷന്‍, അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് പരിഹരിക്കല്‍, വോട്ടെടുപ്പ് വൈകല്‍, പോളിംഗ് ശതമാനം, എത്ര പേര്‍ വോട്ട് ചെയ്തു, പുരുഷന്‍, സ്ത്രീകള്‍, ശതമാനം എന്നിവ തത്സമയം കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാകും. ഇതിനായി ബൂത്തിന് അകത്തും പുറത്തുമായി കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഓരോ ക്യാമറകളും പ്രവര്‍ത്തിക്കും.

64 പേര്‍ വെബ് കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടും  മറ്റു വകുപ്പുകളില്‍ നിന്നുള്ള 25ഓളം പേരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നു. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്റ്, കെഎസ്ഇബി, പോലീസ്, ഫയര്‍ ഫോഴ്സ്, ഇലക്ട്രിക്, മോട്ടോര്‍ വെഹിക്കിള്‍, ഹെല്‍ത്ത് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.

date