Skip to main content
സ്വീപ് ക്യാമ്പയിനിന്റെ ഭാഗമായ വിദ്യാര്‍ഥികളെ അനുമോദിച്ചു 

സ്വീപ് ക്യാമ്പയിനിന്റെ ഭാഗമായ വിദ്യാര്‍ഥികളെ അനുമോദിച്ചു 

 

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നടപ്പിലാക്കിയ സ്വീപ് ക്യാമ്പയിന്‍ ഇങ്ക് ഇറ്റ് കണ്ണൂരിന്റെ ഭാഗമായ വിദ്യാർത്ഥികളെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. വിവിധ ബോധവൽക്കരണ പരിപാടികളിലും മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരണത്തിലും പങ്കാളികളായ കണ്ണൂര്‍ സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ എന്‍ എസ് എസ് വോളന്റിയർമാരായ വിദ്യാർത്ഥികൾക്കാണ് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍  സര്‍ട്ടിഫിക്കറ്റുകള്‍ നൽകി അനുമോദിച്ചത്. 

ഏറ്റവും മികച്ച രീതിയിൽ  മാതൃകാ പോളിംഗ് സ്റ്റേഷന്‍ സജ്ജീകരിച്ച തോട്ടട എസ്.എന്‍ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ്, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നീ കോളേജുകള്‍ക്ക് 5000 രൂപയും സര്‍ട്ടിഫിക്കറ്റും നൽകി. പയ്യന്നൂര്‍ കോളേജ്, തലശ്ശേരി സര്‍ സയ്യിദ് കോളേജ്, മട്ടന്നൂർ പി ആര്‍ എന്‍ എസ് എസ് കോളേജ്, നിര്‍മലഗിരി കോളേജ്, ശ്രീകണ്ഠപുരം എസ് ഇ എസ് കോളേജ്, പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പള്ളിക്കുന്ന് കെ എം എം വനിതാ കോളേജ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ ഇങ്ക് ഇറ്റ് കണ്ണൂരിന്റെ വിവിധ വോട്ടർ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. 

അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസ്സിര്‍, ഡി എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സുജിത്, ഡി ടി പി സി മാനേജര്‍ പി.ആര്‍ ശരത് കുമാര്‍, സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ അമിത എന്നിവര്‍ പങ്കെടുത്തു.

date