Skip to main content

ക്ഷയരോഗ മുക്ത ഭാരതം ലക്ഷ്യം: സഹായവുമായി ടിബി മുക്ത് ഭാരത് മൊബൈല്‍ ആപ്പ്

രാജ്യത്തെ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ടിബി മുക്ത് ഭാരത്' പദ്ധതിയുടെ ഭാഗമായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ക്ഷയരോഗികള്‍ക്ക് മികച്ച ചികിത്സാ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം രോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളില്‍ എത്തിക്കുകയുമാണ് ഈ ആപ്പിന്റെ ലക്ഷ്യം. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ കീഴില്‍ തയ്യാറാക്കിയ ആപ് രോഗികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ്. ക്ഷയരോഗികള്‍ക്ക് പോഷകാഹാരവും മറ്റും നല്‍കാന്‍ താത്പര്യമുള്ള വ്യക്തികളെയും രോഗികളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആപില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ആപ്പിലെ പ്രധാന ആകര്‍ഷണം ഖുഷി എന്ന എഐ ചാറ്റ് ബോട്ടാണ്. മലയാളം ഉള്‍പ്പെടെ 12 പ്രാദേശിക ഭാഷകളില്‍ രോഗികളുടെ സംശയങ്ങള്‍ക്ക് ചാറ്റ് ബോട്ട് മറുപടി നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായ സൗജന്യ ചികിത്സയെക്കുറിച്ചും പരിശോധനാ കേന്ദ്രങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇതിലൂടെ എളുപ്പത്തില്‍ കണ്ടെത്താം. കൂടാതെ നിക്ഷയ് പോഷണ്‍ യോജന വഴിയുള്ള പ്രതിമാസ ധനസഹായത്തിന്റെ വിവരങ്ങള്‍ അറിയാനും രോഗികള്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടും. ക്ഷയരോഗികളെ ദത്തെടുത്ത് സഹായിക്കാന്‍ ആഗ്രഹിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കും നിക്ഷയ് മിത്രങ്ങള്‍ക്കും ആപ്പിലൂടെ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. ടിബി രോഗ നിര്‍മാര്‍ജന യജ്ഞത്തില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുള്ള സേവനങ്ങളും നിര്‍ദേശങ്ങളും ആപില്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

date