Skip to main content

നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് സജ്ജം; ആദ്യസംഘം ഏപ്രിൽ 30-ന് പുറപ്പെടും

* അവലോകന യോഗം ചേർന്നു  

​നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയായ വിവരം പങ്കുവെച്ചത്. 

ഇത്തവണ 8,341 തീർത്ഥാടകരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്ര തിരിക്കുന്നത്. ഇതിൽ 5,492 സ്ത്രീകളും 2,849 പുരുഷന്മാരും ഉൾപ്പെടുന്നു. കേരളത്തിന് പുറമെ ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും നെടുമ്പാശ്ശേരി ക്യാമ്പ് വഴിയാണ് യാത്രയാകുന്നത്.
​ഏപ്രിൽ 30-ന് ആദ്യ സംഘം യാത്ര തിരിക്കുന്നതോടെ ഈ വർഷത്തെ ഹജ്ജ് വിമാന സർവീസുകൾക്ക് തുടക്കമാകും.  432 പേരെ വീതം വഹിക്കുന്ന മൊത്തം 20 വിമാനസർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

 തീർത്ഥാടകർക്കായി വിമാനത്താവളത്തിന് സമീപം ഒരേസമയം 1,200 പേർക്ക് താമസിക്കാൻ സൗകര്യമുള്ള വിപുലമായ പന്തലും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്. കഠിനമായ വേനൽച്ചൂട് പരിഗണിച്ച് പന്തലിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താൻ പ്രത്യേക എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ ഒരുക്കും.

​തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തുന്നവർക്കായി പ്രത്യേക ബസ് സർവീസുകൾ ലഭ്യമായിരിക്കും. ക്യാമ്പിൽ പോലീസ്, ആരോഗ്യവിഭാഗം, ഫയർഫോഴ്‌സ് എന്നിവരുടെ സേവനത്തിന് പുറമെ തീർത്ഥാടകരെ സഹായിക്കാൻ പ്രത്യേക വോളന്റിയർ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

 നെടുമ്പാശ്ശേരി വിമാനത്താവളം കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു,
സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗങ്ങളായ മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട,  അനസ് ഹാജി അരൂർ, നൂർ മുഹമ്മദ് നൂർഷ ,അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിമാനത്താവളത്തിലെ വിവിധ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date