വേനല്‍ച്ചൂട്: വേണം ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത
വേനല്‍ കനക്കുമ്പോള്‍ ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ എന്നിവ സാധാരണയായി കാണപ്പെടുന്ന ജലജന്യ രോഗങ്ങളാണ്
മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് ജലജന്യ രോഗങ്ങള്‍ക്ക് കരണമായിട്ടുള്ളത്. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകളും തിളപ്പിച്ച ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് നല്‍കുന്ന പ്രവണതയും രോഗനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
ഹെപ്പറ്റൈറ്റിസ്-എ, ഇ വൈറസ് ബാധ മലിനമായതോ അല്ലെങ്കില്‍ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവ വഴി വളരെ വേഗം പകരുന്നു. രോഗബാധിതനായ ഒരാള്‍ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ വെള്ളം കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്.
* പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക.
* ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുന്‍പും ശുചിമുറി ഉപയോഗിച്ച ശേഷവും, പുറത്ത് പോയി വന്നതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
* കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയില്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക.
* കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
* മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളില്‍ ശുദ്ധജല സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.
* വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.
* ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം ഉപയോഗ തീയതി കഴിഞ്ഞ പാല്‍ മില്‍ക്ക് ഷേക്ക്കള്‍ക്കായി ഉപയോഗിക്കരുത്.
* പഴവര്‍ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക
* ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക
* തുറസായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യാതിരിക്കുക
* കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി ശുചിമുറിയിലൂടെ മാത്രം നീക്കം ചെയ്യുക
* വീട്ടു പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.
- Log in to post comments