Skip to main content

സെൻസസ് 2027: ജില്ലയിൽ തയാറെടുപ്പുകൾ ഊർജിതം

ജില്ലയിൽ സെൻസസ് 2027 നുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ജില്ലാ- താലൂക്ക് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടി നാളെ (ശനി) സമാപിക്കും.

രാജ്യത്ത് ആദ്യമായി ഡിജിറ്റലായാണ് ഇത്തവണ സെൻസസ് നടക്കുന്നത്. ഏകോപനത്തിനായി  സി. എം. എം. എസ്. (സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം) എന്ന വെബ്പോർട്ടൽ, എച്ച്.എൽ. ഒ. മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാപ്പിങ് ആപ്ലിക്കേഷനായ എച്ച്.എൽ.ബി.സി. ആപ്, പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ പോർട്ടൽ എന്നിങ്ങനെ നാല് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് സജ്ജമായിട്ടുള്ളത്.  2026 ജൂൺ 16 മുതൽ ജൂലൈ 30 വരെയും 2027 ഫെബ്രുവരി ഒന്നുമുതൽ 28വരെയുമുള്ള രണ്ടു ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുന്നത്. 2026 ജൂൺ 16മുതൽ ജൂൺ 30വരെയുള്ള ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷൻ പോർട്ടൽ വഴി സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള അവസരമുണ്ട്. ജൂലൈ ഒന്നുമുതൽ 30വരെയാണ് ഹൗസ് ലിസ്റ്റിംഗ് ആൻഡ് ഹൗസിങ് സെൻസസിനായി ഉദ്യോഗസ്ഥർ വീടുകളിലേക്ക് വരുന്നത്. സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കുമ്പോൾ ലഭിച്ച എസ്. ഇ. ഐഡി വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തുന്നതിനായി ഉദ്യോഗസ്ഥർ വരുമ്പോൾ കൈമാറണം. ഇതോടെ ഡിജിറ്റലായി നൽകിയ വിവരങ്ങൾ സ്ഥിരീകരിക്കപ്പെടും.

 രണ്ടാം ഘട്ടമായ പോപുലേഷൻ എന്യൂമറേഷൻ 2027 ഫെബ്രുവരി ഒന്നു മുതൽ 28വരെ നടക്കും. സെൻസസ് നടപടികൾ പൂർത്തിയായാൽ 2027 ഫെബ്രുവരി 28ന് അർധരാത്രിയിലെ ജനസംഖ്യയും വിവരങ്ങളുമാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. വിവരശേഖരണം ഡിജിറ്റലായതിനാൽ പ്രസിദ്ധീകരണവും വേഗത്തിൽ നടക്കും. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെൻസസ് ആണിത്.

ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥർക്കുള്ള ആറു ദിവസത്തെ പരിശീലനം രണ്ടു ബാച്ചുകളിലായി സിവിൽസ്റ്റേഷനിലെ കൈറ്റ് ഹാളിലാണ് നടക്കുന്നത്. പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. സെൻസസ് വിവരശേഖരണം രാജ്യപുരോഗതിക്കും നയരൂപീകരണത്തിനും അത്യാവശ്യമാണെന്ന് കളക്ടർ പറഞ്ഞു. സ്വയം വിവരങ്ങൾ രേഖപെടുത്തുന്ന പോർട്ടൽ (സെൽഫ് എന്യൂമറേഷൻ പോർട്ടൽ) സജീവമായാലുടൻ പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സെൻസസുമായി സഹകരിക്കണമെന്നും പ്രിൻസിപ്പൽ സെൻസസ് ഓഫിസർ കൂടിയായ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം.ഹാരിസ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഷഹ്ന കാരാടന്‍ എന്നിവരാണ് പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇനി പരിശീലനം സിദ്ധിച്ച ഫീൽഡ്  ട്രെയിനർമാർ വിവരശേഖരണം നടത്തുന്ന എന്യുമറേറ്റർമാർക്ക് പരിശീലനം നൽകും. ഇതോടെ സെൻസസ് നടപടിക്രമങ്ങൾക്ക് തുടക്കമാകും.

date